രാഹുലിനെ ഷണ്ഡനെന്ന് വിളിച്ച് ബി ജെ പി മന്ത്രി; ഇത് മോദിയുടെ അതേ ഭാഷയെന്ന് ആര്‍ജെഡി

Posted on: March 24, 2019 8:37 pm | Last updated: March 25, 2019 at 12:05 am

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു അടുത്തതോടെ എതിരാളികളെ ഇകഴ്ത്തുന്നതിന് തരംതാഴ്ന്ന ഏതു പ്രചാരണത്തിനും മടിയില്ലാതെ നേതാക്കള്‍. യു പി മന്ത്രി ശ്രീകാന്ത് ശര്‍മ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ‘ഷണ്ഡന്‍’ എന്നു വിശേഷിപ്പിച്ചതാണ് ഇതില്‍ ഏറ്റവും പുതിയ സംഭവം. പ്രധാന മന്ത്രി മോദിയാണ് ഷണ്ഡനെന്ന് പ്രതികരിച്ച് രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി) നേതാക്കള്‍ രാഹുലിനു പിന്തുണയുമായെത്തി.

‘ഭീരുത്വം നിറഞ്ഞ പ്രസ്താവനകളാണ് രാഹുലിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് ലജ്ജാകരമാണ്. അദ്ദേഹം കോണ്‍ഗ്രസിന്റെ ഷണ്ഡനായ അധ്യക്ഷനാണ്. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ലോകം മുഴുവന്‍ ബി ജെ പി സര്‍ക്കാറിനൊപ്പം നില്‍ക്കുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്തുക ലക്ഷ്യമിട്ടുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് തുടരുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍’- മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

പുല്‍വാമ ഭീകരാക്രമണത്തെ പിന്തുടര്‍ന്ന് സര്‍ക്കാര്‍ ബലാക്കോട്ടില്‍ നടത്തിയ പ്രത്യാക്രമണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നും ഭീകരര്‍ ആക്രമണം നടത്തിയതിന് പാക്കിസ്ഥാനെ ആക്രമിക്കുന്നത് തെറ്റാണെന്നും കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ചു കൊണ്ടാണ് ശ്രീകാന്ത് ശര്‍മയുടെ ട്വീറ്റ്.

രാഹുല്‍ ഷണ്ഡനാണെന്നും നരേന്ദ്ര മോദി അങ്ങനെയല്ലെന്നും ബി ജെ പിക്ക് എങ്ങനെ അറിയാമെന്നാണ് ബിഹാറിലെ കോണ്‍ഗ്രസ് സഖ്യ കക്ഷിയായ ആര്‍ ജെ ഡി ഇതിനോടു പ്രതികരിച്ചത്. ജനങ്ങള്‍ക്ക് അതറിയാന്‍ ആഗ്രഹമുണ്ട്. മോശം ഭാഷ ഉപയോഗിക്കുന്ന ബി ജെ പി തലവന്റെ ട്രാക്ക് റെക്കോഡ് തന്നെ വിവാദപരമാണ്. അപ്പോള്‍ പിന്നെ അണികളില്‍ നിന്ന് മാന്യമായ ഭാഷ പ്രതീക്ഷിക്കുന്നത് മടയത്തരമാണ്.