ബി ജെ പി ടിക്കറ്റ് നിഷേധിച്ചു; കൃഷിയിലേക്ക് മടങ്ങുകയാണെന്ന് മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍

Posted on: March 24, 2019 7:02 pm | Last updated: March 24, 2019 at 11:36 pm

റാഞ്ചി: തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതില്‍ അസംതൃപ്തനായ ലോക്‌സഭാ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൃഷിയിലേക്കു മടങ്ങുന്നു. ഝാര്‍ഖണ്ഡില്‍ നിന്ന് എട്ടു തവണ ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ബി ജെ പി നേതാവ് കരിയ മുണ്ടയാണ് വ്യത്യസ്തമായ തീരുമാനമെടുത്തത്.

കരിയ മുണ്ടക്കു പകരം മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടയാണ് ബി ജെ പി സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചത്. ‘കാര്‍ഷിക രംഗത്തു നിന്നാണ് ഞാന്‍ ലോക്‌സഭയിലെത്തിയത്. കൃഷിയിലേക്കു മടങ്ങാനാണ് തീരുമാനം. ഏതെങ്കിലും സ്വാര്‍ഥ താത്പര്യത്താലല്ല, ജനങ്ങളെ സേവിക്കാനാണ് രാഷ്ട്രീയത്തിലെത്തിയത്. എനിക്കു ദൈവം ഒരുപാട് സൗഭാഗ്യങ്ങള്‍ നല്‍കിയിട്ടുണ്ട്.’- മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ കരിയ മുണ്ട പറഞ്ഞു.

1977ലാണ് അദ്ദേഹം ലോക്‌സഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 2009ല്‍ ഡെപ്യൂട്ടി സ്പീക്കറായി. 2000ത്തില്‍ ഝാര്‍ഖണ്ഡ് സംസ്ഥാനം രൂപവത്കരിക്കപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കരിയ മുണ്ട പരിഗണിക്കപ്പെട്ടിരുന്നു.