ആർത്തനാദങ്ങൾക്കും ആക്രോശങ്ങൾക്കുമിടയിലെ ഇന്ത്യ

ഇന്ത്യൻ സമൂഹത്തിന്റെ വിവിധ അടരുകളിലുള്ളവർ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളാണ് ഹർഷ് മന്ദർ തന്റെ fatal accidents of birth എന്ന ഗ്രന്ഥത്തിൽ ആവിഷ്‌കരിക്കുന്നത്. മറ്റു ഗ്രഹങ്ങളിലേക്ക് പറക്കുമ്പോഴും നമ്മളിൽ നിന്ന് പ്രകാശവർഷങ്ങൾ അകലെയാകുന്ന അപരന്റെ ജീവിത യാഥാർഥ്യങ്ങളെ കുറിച്ചാണദ്ദേഹം പറയുന്നത്. ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ വിഷാദമൂറുന്ന ഇരുളടഞ്ഞ മുഖത്തേക്കാണ് അദ്ദേഹം ചൂട്ടുവെളിച്ചം മിന്നിക്കുന്നത്.
അതിഥി വായന
Posted on: March 24, 2019 3:43 pm | Last updated: March 24, 2019 at 3:43 pm
ഒരു ജന്മം ഒരായിരം മരണം – ഹർഷ് മന്ദർ

നമ്മുടെ മുന്നിലേക്ക് നിരന്തരം വന്നുകൊണ്ടിരിക്കുന്ന വാർത്തകളിൽ ഇന്ത്യ അഭിമുഖീകരിക്കുന്ന ദുരന്തത്തിന്റെ ഉഷ്ണക്കാറ്റുണ്ട്. കങ്കാണിമാരും കോർപറേറ്റ് കുത്തകകളും ഭൂമാഫിയകളും അവർക്കെല്ലാം ഒത്താശ ചെയ്യുന്ന അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഇന്ത്യയെ മുച്ചൂടും മുടിച്ചുകൊണ്ടിരിക്കുകയാണ്. അരനൂറ്റാണ്ട് മുമ്പ് വരെ വൈദേശികാധിപത്യത്തിന്റെ കരാളഹസ്തങ്ങളിൽ ഞെരിഞ്ഞമർന്ന ഇന്ത്യൻ ജനത ഇവരുടെ കരങ്ങളിൽ നിസ്സഹായരാണ്. തലക്കും രക്തത്തിനുമായി മുറവിളി കൂട്ടുന്ന വർഗീയ വിഷം ചീറ്റുന്ന മുദ്രാവാക്യങ്ങൾ മുഴക്കുന്ന കഠാരകളും റിവോൾവറുകളും കൈയിലേന്തി ഉറഞ്ഞുതുള്ളുന്നവരുടെ വിഹാര കേന്ദ്രമാകുന്നുമുണ്ട്. കൂട്ടിന്, അധികാരത്തിന്റെ തിണ്ണമിടുക്കു കൊണ്ട് സർവവിധ പ്രതിരോധങ്ങളെയും അടിച്ചൊതുക്കുന്ന മാറിമാറിവരുന്ന ഭരണകൂടങ്ങളും. കൊഴുക്കുന്ന പണക്കാരെയും വ്യവസായികളെയും മാത്രം ലാക്കാക്കി വികസന രഥചക്രമുരുട്ടുന്നു അധികാരം കൈയാളുന്നവർ.

ആകാശം തുളക്കുന്ന കെട്ടിടങ്ങളും ഷോപ്പിംഗ് കോംപ്ലക്‌സുകളും ഉയർന്നുപൊങ്ങുമ്പോഴും ഒരു നേരത്തെ പശിയടക്കാൻ കഴിയാത്ത, തല ചായ്ക്കാൻ ഒരു കൂര പോലുമില്ലാത്ത പരസഹസ്രം പട്ടിണിയും പരിവട്ടവുമായി പ്രാന്തങ്ങളിൽ ഉഴറുകയാണ്. മതത്തിന്റെയും ജാതിയുടെയും പേരിൽ തിരസ്‌കാരങ്ങൾ ഏറ്റുവാങ്ങി അപരവത്കരിക്കപ്പെടുന്നവരും കുറവല്ല. വികസനത്തിന്റെ മേലാപ്പിൽ നെഗളിക്കുമ്പോഴും ഭൂരിപക്ഷം ദാരിദ്ര്യത്തിന്റെ നീർച്ചുഴിയിലാണെന്ന സർവേകൾ അടിക്കടി പുറത്തുവരുന്നു. ബാലവേല കർശനമായി നിരോധിച്ചിട്ടും ഉറ്റവരുടെ ക്ഷുത്തടക്കാൻ ആയുസ്സും വപുസ്സും ഹോമിക്കേണ്ടി വരുന്ന ബാല്യങ്ങൾ ദയാദാക്ഷിണ്യത്തിന് വേണ്ടി അലറുകയാണ്. വാർധക്യം വരിഞ്ഞുമുറുക്കിയതോടെ തെരുവിലേക്ക് ആട്ടിയിറക്കപ്പെടുന്ന വൃദ്ധന്മാരുടെ ചിത്രം മനസ്സിനെ കൊളുത്തിവലിക്കുന്നതാണ്.

കനയ്യകുമാർ, രോഹിത് വെമുല, ഉമർ ഖാലിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാണിജ്യവത്കരിക്കപ്പെട്ടതോടെ അർഹതയുണ്ടായിട്ടും പണമില്ലാത്തതിന്റെ പേരിൽ തഴയപ്പെടുന്ന വിദ്യാർഥികൾ എമ്പാടുമുണ്ട് ഇന്ത്യയിൽ. വിറ്റും പെറുക്കിയും സ്വരുക്കൂട്ടുന്നവയുമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പടിക്കെട്ടിൽ കയറി കെഞ്ചേണ്ടി വരുന്ന ഇവരിലധികവും ഒരു തുണ്ടു കയറിൽ തങ്ങളുടെ അഭിലാഷങ്ങൾ കുരുതി കൊടുക്കുന്നു. ക്യാമ്പസുകൾ രാഷ്ട്രീയ അരാജകത്വത്തിലേക്കും അധാർമിക പേക്കൂത്തുകളിലേക്കും ഗതി മാറുന്നു. കുട്ടികളെ അന്തസോടെ വളർത്താൻ ഗതികേട് കൊണ്ട് ശരീരം വിൽക്കേണ്ടി വരുന്ന സ്ത്രീകളും അടുപ്പ് പുകയാൻ പെൺമക്കളെ കാമവെറിയന്മാർക്ക് മുമ്പിൽ കാഴ്ച വെക്കേണ്ടിവരുന്ന മാതാപിതാക്കളും ഇന്ത്യയുടെ ദുരന്തമുഖത്തിന്റെ സാക്ഷ്യപത്രങ്ങളാണ്. ഉടലിന്റെ ഭിന്നതയെ അംഗീകരിക്കാത്തതിന്റെ നൈരാശ്യത്തിൽ വീടുവിട്ടിറങ്ങുന്ന ട്രാൻസ്‌ജെൻഡറുകൾ ലൈംഗികത്തൊഴിലാളികളായി പരിണമിക്കുന്ന അവസ്ഥയാണുള്ളത്. അവരുടെ പ്രശ്‌നങ്ങളെയും മാനസിക പിരിമുറുക്കങ്ങളെയും കുറിച്ചറിയാനോ ആരായാനോ പരിഹാരം തേടാനോ തുനിയാതെ, അവർക്ക് മുമ്പിൽ വാതിലുകൾ കൊട്ടിയടക്കുകയാണ് സമൂഹം. വർഗീയ കലാപങ്ങളിൽ അനാഥരാക്കപ്പെട്ടവരും വിധവകളായവരും ഭീകരവാദികളായി (നിരപരാധികളായിരുന്നിട്ടും) മുദ്രകുത്തപ്പെട്ടവരും സമാന പ്രതിസന്ധികളിൽ പെട്ടുഴലുന്നു. ദാരിദ്ര്യ നിർമാർജനത്തിന്നും ക്ഷേമത്തിനും അധഃസ്ഥിത വർഗത്തിന്റെ ഉന്നമനത്തിനും വേണ്ടി വകയിരുത്തുന്ന തുകകൾ ചില ഉദ്യോഗസ്ഥർ പിടുങ്ങുന്നത് ദുരിതങ്ങളുടെ ഭയാനകത വർധിപ്പിക്കുന്നു.

ഇത്തരത്തിൽ സമൂഹത്തിന്റെ വിവിധ അടരുകളിലുള്ളവർ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളാണ് ഹർഷ് മന്ദർ തന്റെ fatal accidents of birth എന്ന ഗ്രന്ഥത്തിൽ ആവിഷ്‌കരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായി കൊണ്ടാടുന്ന ഇന്ത്യയുടെ വിഷാദമൂറുന്ന ഇരുളടഞ്ഞ മുഖത്തേക്കാണ് അദ്ദേഹം ചൂട്ടുവെളിച്ചം മിന്നിക്കുന്നത്. അതിനു വേണ്ടി സിവിൽ സർവീസിന്റെ തലപ്പത്ത് നിന്നും ഇറങ്ങിത്തിരിച്ച അദ്ദേഹം ദുരിതമനുഭവിക്കുന്നവരുമായി ഇടപഴകിയും സംസാരിച്ചുമാണ് അവരുടെ ദൈന്യതകളെ അക്ഷരങ്ങളിലേക്ക് പകർത്തിയത്. മറ്റു ഗ്രഹങ്ങളിലേക്ക് പറക്കുമ്പോഴും നമ്മളിൽ നിന്ന് പ്രകാശവർഷങ്ങൾ അകലെയാകുന്ന അപരന്റെ ജീവിത യാഥാർഥ്യങ്ങളെ കുറിച്ചാണദ്ദേഹം പറയുന്നത്.

“എത്ര തവണ ഒരാൾക്ക് താനൊന്നും കണ്ടില്ലെന്ന് നടിച്ച് മുഖം തിരിക്കാനാകും?/ അതെ, ഏറെപ്പേർ മരിച്ചു പോയെന്ന് അയാളറിയാൻ എത്ര മരണങ്ങൾ വേണ്ടിവരും?’ എന്ന ബേബി ഡിലന്റെ ചോദ്യശരങ്ങളെ പലയാവർത്തി വായനക്കാരന്റെ മുമ്പിൽ എയ്തുവിടുന്നുണ്ട് ഗ്രന്ഥകാരൻ. സ്വന്തം അളയിലേക്ക് ചുരുങ്ങുന്ന വർത്തമാന സങ്കുചിത പ്രവണതയെ നിശിതമായി വിമർശിക്കുന്നു. ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കാനും അന്യന്റെ പ്രശ്‌നങ്ങളെ വരിക്കാനും ഉദ്‌ഘോഷിക്കുന്നു. “ഇതൊന്നും എന്റെ പ്രശ്‌നങ്ങളല്ല; എന്നെ ബാധിക്കുന്നതുമല്ല. പക്ഷേ ഞാൻ കാതോർക്കേണ്ട വസ്തുതകളാണിതെല്ലാം. അതുകൊണ്ടാണ് അതിൽ നിന്ന് മാറി നിൽക്കാത്ത’തെന്ന് ആമുഖത്തിൽ കുറിക്കുന്നു.

നിലവിലെ ഇന്ത്യനവസ്ഥ പ്രതീക്ഷാനിർഭരമായ ഒരു നാളെയെ കുറിച്ച് ചിന്തിക്കാൻ അവസരം നൽകുന്നില്ലെന്ന് മാത്രമല്ല, അസ്തമയമടുത്തതിന്റെ അപായമണി മുഴങ്ങുമോയെന്ന സംഭ്രാന്തിയിലാണ് താനടക്കമുള്ള ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെന്ന് ഹർഷ് മന്ദർ നെടുവീർപ്പെടുന്നു. ഇന്ത്യയിൽ രാഷ്ട്രീയ പ്രക്ഷുബ്ധാവസ്ഥ മുറുകി വരികയാണ്. ഈ പശ്ചാത്തലത്തിൽ അധിനിവേശത്തിന്റെ നിഴൽപ്പാടുകളെക്കുറിച്ചുളള ആലോചനകളിലേക്ക് പുസ്തകം നമ്മുടെ ശ്രദ്ധ തിരിച്ചുവിടുന്നുണ്ട്. അസ്തിത്വം അത്രമേൽ പ്രതികൂലതകളെ നേരിടുന്ന രാഷ്ട്രീയ കാലാവസ്ഥയിൽ അതിനോട് കലഹിക്കാൻ ഒന്നിക്കുകയെന്ന ആശയം തന്നെ സമകാലിക ഇന്ത്യനവസ്ഥയിൽ പ്രസക്തിയാർജിക്കുന്നു.
കടുത്ത ജാതിവിവേചനം നേരിട്ടതിന്റെ ഫലമായി തന്റെ ജനനം വിനാശകരമായ അത്യാഹിതമാണെന്ന് എഴുതിവെച്ച് ആത്മഹത്യ ചെയ്ത രോഹിത് വെമുലയെ കുറിച്ച് താരതമ്യേന ദൈർഘ്യമേറിയ വിവരണമുണ്ട് പുസ്തകത്തിൽ.

ഹർഷ് മന്ദർ

രോഹിതിന്റെ ജീവിത ചുറ്റുപാടുകളെയും യൂനിവേഴ്‌സിറ്റികളിലെ കെടുകാര്യസ്ഥതകളെയും അനാവരണം ചെയ്യുന്നതാണിത്. നക്ഷത്രങ്ങളെ സ്‌നേഹിക്കുകയും കാൾ സാഗനെ പോലെ ശാസ്ത്രം എഴുതാനാഗ്രഹിക്കുകയും ചെയ്ത ആ ചെറുപ്പക്കാരന്റെ ദുരന്തം, നമ്മെ ജാതി സംവരണത്തിന്റെ ന്യായങ്ങളിലേക്കും രാഷ്ട്രീയവും സാമൂഹികവുമായ ശരികളിലേക്കും കൊണ്ടുപോകും. എന്നിട്ടും ജാതിക്കുറ്റമാരോപിച്ച് മാറ്റിനിർത്തപ്പെടുന്ന ജനതയുടെ തീരാ ദുഃഖങ്ങളിലേക്കും എത്തിക്കും. വെമുലക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച കനയ്യ കുമാറും ഉമർ ഖാലിദും നടത്തുന്ന ധീരോദാത്തമായ ഇടപെടലിനെ കുറിച്ചും സാമാന്യം വിശദീകരിക്കുന്നുണ്ട്.
പലപ്പോഴും മാധ്യമങ്ങൾ പൊടിപ്പും തൊങ്ങലും ചേർത്തവതരിപ്പിക്കുന്ന പ്രതികളുടെ നൃംശസതകൾക്കപ്പുറം അവരുടെ മറുജീവിതങ്ങളെയും ലോകങ്ങളെയും കാണാനും കുറ്റകൃത്യങ്ങളിൽ സമൂഹത്തിന്റെ ഭാഗധേയത്വം എന്താണെന്ന് പറയാനും അദ്ദേഹം ധൈര്യപ്പെടുന്നുണ്ട്. നിർഭയ കേസിലെ കുറ്റവാളികൾക്കിടയിൽ ഏറ്റവും പ്രായം കുറഞ്ഞ കൗമാരക്കാരനെ തൂക്കിക്കൊല്ലണമെന്ന് മധ്യവർഗ ഇന്ത്യ മുറവിളി കൂട്ടിയപ്പോഴും കൗമാരക്കാരനെ കൗമാരക്കാരനായി കാണണമെന്ന ന്യായമുയർത്തിയ ന്യൂനപക്ഷത്തിലൊരാളാണ് ഹർഷ് മന്ദർ. മാനസികനില തെറ്റിയ അച്ഛന്റെയും അവശയായ അമ്മയുടെയും ഇടക്ക് നിന്ന് പ്രാരാബ്ധത്തിന്റെ ചുമടുമേറി പതിനൊന്നാം വയസ്സിൽ ഡൽഹിയിലെ ദാബയിലേക്ക് എച്ചിൽപാത്രം കഴുകാൻ പോയ എട്ടും പൊട്ടും തിരിയാത്ത ബാല്യത്തെ ആരൊക്കെ സ്വാധീനിച്ചിരിക്കും? ആരാണ് സദാചാരത്തിന്റെ ബാലപാഠങ്ങൾ പകർന്ന് നൽകിയിട്ടുണ്ടാകുക? തുടങ്ങിയ മറുചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.

ഓരോ പ്രശ്‌നത്തെയും അതിന് പിന്നിലെ പൊള്ളുന്ന യാഥാർഥ്യങ്ങളെയും സാമൂഹിക രാഷ്ട്രീയ ബോധങ്ങളുടെ അകമ്പടിയോടെ മിഴിവോടെ അവതരിപ്പിക്കുന്നു.
ഇന്ത്യയിലങ്ങോളമിങ്ങോളം നടന്ന കൂട്ടക്കൊലകളെയും അതിജീവിച്ചവരായ അസമിലെ നെല്ലി, ഡൽഹിയിലെ വിഹാർ, ബിഹാറിലെ ഭഗൽപൂർ, ഉത്തർ പ്രദേശിലെ മുസഫർനഗർ, ഗുജറാത്തിലെ ഗോധ്ര തുടങ്ങിയ സ്ഥലങ്ങളിലെ ഗ്രാമവാസികളെ കുറിച്ചുമുള്ള കഥനങ്ങൾ ജീവൻ സ്പന്ദിക്കുന്നതാണ്.
ഈ വ്യവസ്ഥിതിയെ കുറിച്ചാണോ നിങ്ങൾ അഭിമാനം കൊള്ളുന്നതെന്ന ചോദ്യം ഓരോ ശരാശരി വായനക്കാരനെയും ആഴത്തിൽ തൊടുന്നുണ്ട്. സാമൂഹികരാഷ്ട്രീയ ബോധമുള്ളവരാകാനും നിസ്സംഗതരാകാതിരിക്കാനും അടിക്കടി ഓർമപ്പെടുത്തുന്നു. പ്രശ്‌നങ്ങൾ അവതരിപ്പിക്കുക മാത്രമല്ല, അതിന് തന്റെതായ പരിഹാരങ്ങൾ മുന്നോട്ട് വെക്കുക കൂടി ചെയ്യുന്നുണ്ട് അദ്ദേഹം. കൂട്ടക്കൊലകളെയും വിശപ്പിനെയും അതിജീവിക്കുന്നവരോടും അവരുടെ കുട്ടികളോടും ഒപ്പം പ്രവർത്തിക്കുന്ന സോഷ്യൽ ആക്ടിവിസ്റ്റും മാധ്യമ പ്രവർത്തകനുമായ രചയിതാവ് ശുഭോദർക്കമായ പല നടപടികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. വർഗീയ ലഹളകളെ അതിജീവിക്കുന്നവർക്ക് നിയമ സഹായം ഉറപ്പു വരുത്തുന്ന ന്യായാഗ്രഹ്, തെരുവുകുട്ടികൾക്കായുള്ള ദിൽ സേന, നഗരത്തിലെ ഭവനരഹിതർക്കായുള്ള ഹോസ് ല തുടങ്ങിയ പദ്ധതികൾ ഉദാഹരണം. തെരുവിലുറങ്ങുന്ന സ്ത്രീകൾക്കായി ഓരോ ജില്ലയിലും അഭയകേന്ദ്രങ്ങൾ നിർബന്ധമായും നിർമിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത് അദ്ദേഹത്തിന്റെ കൂടി ശ്രമഫലമായാണ്.

വായനയിൽ വികാരത്തോടെപ്പം വിചാരവും വിചാരണയും ജനിപ്പിക്കുന്ന ഈ പുസ്തകം കബനിയാണ് മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തത്. മൂലഗ്രന്ഥത്തെ പൂർണാർഥത്തിൽ പ്രകാശിപ്പിക്കുന്ന “ഒരു ജന്മം ഒരായിരം മരണം’ എന്നാണ് ഐ പി ബി പ്രസിദ്ധീകരിച്ച വിവർത്തന ഗ്രന്ഥത്തിന് പേരിട്ടിരിക്കുന്നത്. ഇരുന്നൂറ് രൂപയാണ് വില.

 

എൻ കെ ആശിഖ്
[email protected]