വയനാട്ടിലെ സ്ഥാനാര്‍ഥിത്വം: രാഹുല്‍ ഗാന്ധി അന്തിമ തീരുമാനമെടുത്തിട്ടില്ല; അഭിപ്രായ പ്രകടനങ്ങള്‍ നിര്‍ത്തണം-പിസി ചാക്കോ

Posted on: March 24, 2019 12:50 pm | Last updated: March 24, 2019 at 8:37 pm

ന്യൂഡല്‍ഹി: വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി സമ്മതിച്ചെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് വസ്തുതാപരമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പിസി ചാക്കോ പറഞ്ഞു.

രാഹല്‍ ഗാന്ധി തീരുമാനമെടുക്കുംവരെ ആ വിഷയത്തെക്കുറിച്ച് മറ്റുള്ളവര്‍ അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ല. രാഹുലിനായി കര്‍ണാകടയില്‍നിന്നാണ് ആദ്യം ക്ഷണം വന്നത്. പിന്നീട് തമിഴ്‌നാട്ടില്‍നിന്നും കേരളത്തില്‍നിന്നും ക്ഷണം വന്നു. ഇതിനോടെന്നും രാഹുല്‍ പ്രതികരിച്ചിട്ടില്ലെന്നും പിസി ചാക്കോ പറഞ്ഞു. അതേ സമയം ദക്ഷിണേന്ത്യയില്‍ ഒരിടത്തുനിന്നും രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന്തന്നെയാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. മുമ്പും ദേശീയ നേതാക്കള്‍ ഇത്തരത്തില്‍ മത്സരിച്ചിട്ടുണ്ട്. അവരുടെ സാന്നിധ്യം രാജ്യമാകെ ബോധ്യപ്പെടുത്താനായിരുന്നു ഇതെന്നും പിസി ചാക്കോ പറഞ്ഞു.