Connect with us

Ongoing News

അരിവാൾ നെൽ കതിരിന് 68; ചിഹ്നം മാറാത്ത പാർട്ടി സി പി ഐ 

Published

|

Last Updated

കൊച്ചി: അക്ഷരമറിയാത്തവർക്ക് ഇഷ്ടപ്പെട്ട സ്ഥാനാർഥിക്ക് വോട്ടുകുത്താനാണ് പൊതുതിരഞ്ഞെടുപ്പിൽ ചിഹ്നം വന്നത്.പിളർന്നും വളർന്നും പാർട്ടികൾ പലതായപ്പോൾ അവരവർ ഉപയോഗിച്ചുവന്ന ചിഹ്നവും അടിമുടി മാറി. എന്നാൽ അന്നും ഇന്നും ചിഹ്നം മാറാത്ത ഏക ദേശീയ പാർട്ടിയാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി. ആറര പതിറ്റാണ്ടിലേറെ ഒരേ ചിഹ്നത്തിൽ മത്സരിക്കുന്ന പാർട്ടിയായി സി പി ഐ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതിനകം ഇടം നേടിക്കഴിഞ്ഞു.

1951 മുതൽ കഴിഞ്ഞ 68 വർഷമായി സി പി ഐ സ്ഥാനാർഥികൾ മത്സരിക്കുന്നത് അരിവാളും നെൽക്കതിരും അടയാളത്തിലാണ്. പല രാഷ്ട്രീയ കക്ഷികൾക്കും തിരഞ്ഞെടുപ്പ് അടയാളങ്ങൾ പലതവണ മാറ്റേണ്ടി വന്നിട്ടുണ്ട്. പിളർപ്പിനെ തുടർന്നാണ് ചില പാർട്ടികൾക്ക് ചിഹ്നം മാറ്റേണ്ടി വന്നത്. പാർട്ടിയിലെ തർക്കവും പിളർപ്പും കാരണം മരവിപ്പിക്കേണ്ടി വന്നത് ജനപ്രിയങ്ങളായ പല ചിഹ്നങ്ങളായിരുന്നു. കലപ്പയേന്തിയ കർഷകനും ചർക്കയുമൊക്കെ ഇതിൽപ്പെടും. 1964ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പിളരുകയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) രൂപവത്കരിക്കുകയും ചെയ്തുവെങ്കിലും അവിഭക്ത പാർട്ടിയുടെ അരിവാളും നെൽക്കതിരും സി പി ഐക്ക് തന്നെ ലഭിച്ചു. സി പി എം ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നമായി തിരഞ്ഞെടുത്തു. എ കെ ജി തിരഞ്ഞെടുപ്പിൽ ആദ്യം മത്സരിച്ച് ജയിച്ച ചിഹ്നവും അരിവാളും നെൽക്കതിരുമായിരുന്നു.

കോൺഗ്രസ് മൂന്ന് തവണയാണ് ചിഹ്നം മാറ്റിയത്. ജവഹർലാർ നെഹ്‌റു അടക്കമുള്ളവരുടെ കാലത്ത് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ചിഹ്നം നുകം വെച്ച കാളയായിരുന്നു. പിന്നീട് കോൺഗ്രസ് പിളർന്നതിന് ശേഷം ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഐക്ക് രൂപം കൊടുത്തപ്പോൾ പശുവും കിടാവുമായിരുന്നു ചിഹ്നം. പിന്നീട് ഇന്ദിരാ ഗാന്ധിക്ക് ഈ ചിഹ്നവും മാറ്റേണ്ടി വന്നു. ഒടുവിൽ കൈപ്പത്തി ചിഹ്നം ലഭിക്കുകയായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഐക്ക് രൂപംകൊടുത്തപ്പോൾ ഇതിനെതിരെ നിലപാട് സ്വീകരിച്ച മറുവിഭാഗം കോൺഗ്രസ് എസായി മാറിയപ്പോൾ ഉപയോഗിച്ചതാണ് ചർക്ക ചിഹ്നം. ഏറെക്കാലമായി ഈ ചിഹ്നം ഉപയോഗിച്ചുവെങ്കിലും പിന്നീട് കോൺഗ്രസ് എസ് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ലയിച്ചതോടെ ചർക്ക ചിഹ്നവും മരവിപ്പിച്ചു.

ചക്രത്തിനകത്ത് കലപ്പയേന്തിയ കർഷകനായിരുന്നു മുഖ്യ പ്രതിപക്ഷ പാർട്ടികളിലൊന്നായ ജനതാ പാർട്ടിയുടെ ചിഹ്നം. ഏറെക്കാലം വോട്ടർമാരുടെ മനസ്സിൽ പതിഞ്ഞ ചിഹ്നമാണെങ്കിലും ജനതാ പാർട്ടി പിളർന്ന് പല പാർട്ടികളായി മാറിയതോടെ ഈ ചിഹ്നവും മരവിപ്പിച്ചു. ബി ജെ പിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം ദീപമായിരുന്നു. പിന്നീട് ബി ജെ പി രൂപം കൊടുത്തതിന് ശേഷം താമര ചിഹ്നം സ്വീകരിക്കുകയായിരുന്നു.

Latest