നേർച്ചക്കോഴിയായി നിർത്തി; പിന്നെ ജയന്റ്കില്ലറായി

Posted on: March 24, 2019 10:57 am | Last updated: March 24, 2019 at 10:57 am

വടകരയിലെ എൽ ഡി എഫ് സ്ഥാനാർഥി പി ജയരാജനെതിരെ കോൺഗ്രസിൽ നിന്ന് ആര് സ്ഥാനാർഥിയാകുമെന്നത് ഈ തിരഞ്ഞെടുപ്പിൽ ഏറെ ചർച്ചയായതാണ്.1996 ൽ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സി പി എമ്മിന്റെ ഉരുക്ക് കോട്ടയായ ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്തും ഇത് പോലൊരു അനിശ്ചിതത്വമുണ്ടായി.

എൽ ഡി എഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന പുന്നപ്ര വയലാർ സമര നായകൻ സാക്ഷാൽ വി എസ് അച്യുതാനന്ദനെതിരെ ആരെ നിർത്തുമെന്ന കൂലങ്കഷമായ അന്വേഷണത്തിൽ കോൺഗ്രസ് എത്തിച്ചേർന്നത് ഒരു സാധാരണ മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗമായ പി ജെ ഫ്രാൻസിസിലായിരുന്നു. വടകരയിൽ വമ്പന്മാർ പോലും മടിച്ച് നിൽക്കുന്നത് കണ്ട് കോൺഗ്രസിലെ പഴയ പോരാളി വീട്ടിലെ വിശ്രമ മുറിയിലിരുന്ന് ഊറിച്ചിരിക്കുകയായിരുന്നു. സാക്ഷാൽ വി എസ് അച്യുതാനന്ദനെ പരാജയത്തിന്റെ കൈപ്പുനീർ കുടിപ്പിച്ച കോൺഗ്രസിന്റെ ജയന്റ്കില്ലർ രാഷ്ട്രീയത്തോട് തന്നെ വിട ചൊല്ലി വിശ്രമ ജീവിതം നയിക്കുകയാണിപ്പോൾ.

ആലപ്പുഴ വഴിച്ചേരി വാർഡിൽ പള്ളിക്കത്തൈയിൽ പി ജെ ഫ്രാൻസിസിന്, മാരാരിക്കുളത്ത് വി എസിനെ തോൽപ്പിച്ചതിനെ കുറിച്ച് ചോദിച്ചാൽ 82 ാം വയസ്സിലും ആശ്ചര്യം വിട്ടുമാറുന്നില്ല. ദൈവനിശ്ചയമെന്നേ ഒറ്റവാക്കിൽ പി ജെ ഫ്രാൻസിസിന് ഇതെ കുറിച്ച് പ്രതികരിക്കാനുള്ളൂ. തന്നെയുമല്ല, കേരളത്തിന് നല്ലൊരു മുഖ്യമന്ത്രിയെ കിട്ടാൻ പാകത്തിന് വി എസിനെ വിനയവും എളിമയുമുള്ളയാളായി മാറ്റിയെടുക്കാൻ മാരാരിക്കുളത്തെ അദ്ദേഹത്തിന്റെ പരാജയം വഴിവെച്ചതായും ഫ്രാൻസിസ് വിലയിരുത്തുന്നു. അന്ന് ജയിച്ച് വി എസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നെങ്കിൽ ഒരു പക്ഷെ, വി എസ് കേരളത്തിന്റെ ഏറ്റവും മോശം മുഖ്യമന്ത്രിയായി ചരിത്രം രേഖപ്പെടുത്തുമായിരുന്നു. അത്രമേൽ ധാർഷ്ട്യവും വിദ്വേഷവും പകയുമെല്ലാം നിറഞ്ഞു നിന്ന പ്രകൃതമായിരുന്നു അന്ന് വി എസിന്റേതെന്ന് പാർട്ടിയിലെ വിഭാഗീയതയും വെട്ടിനിരത്തലുമെല്ലാം ചൂണ്ടിക്കാട്ടി ഫ്രാൻസിസ് വിലയിരുത്തുന്നു.

1987ലാണ് പി ജെ ഫ്രാൻസിസ് ആദ്യമായി പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കെ ആർ ഗൗരിയമ്മക്കെതിരെ അരൂരിൽ പോരിനിറങ്ങണമെന്ന് സാക്ഷാൽ ലീഡർ കെ കരുണാകരനാണ് പി ജെ ഫ്രാൻസിനോട് ആവശ്യപ്പെട്ടത്. എറണാകുളം ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തിയാണ് കരുണാകരൻ ആവശ്യമുന്നയിച്ചത്. ലീഡറുമായുള്ള ആത്മബന്ധം മൂലം അദ്ദേഹത്തിന്റെ ആവശ്യം നിരസിക്കാനായില്ല.അല്ലെങ്കിൽ, സി പി എമ്മിന്റെയും ഗൗരിയമ്മയുടെയും കുത്തക സീറ്റായ അരൂരിൽ ആരെങ്കിലും ബലിയാടാകാൻ നിന്നുകൊടുക്കുമോ?.1991ലും അരൂരിൽ മത്സരിച്ചു. രണ്ടിലും പരാജയമായിരുന്നു ഫലം. 1996ൽ എ കെ ആന്റണിയാണ് ആലപ്പുഴയിലെ തന്റെ വസതിയിലെത്തി മാരാരിക്കുളത്ത് മത്സരിക്കാൻ ആവശ്യപ്പെട്ടത്. നല്ലൊരു പോരാട്ടം കാഴ്ചവെക്കാൻ ഫ്രാൻസിസ് തന്നെ സ്ഥാനാർഥിയാകണമെന്നാണ് ആന്റണി ആവശ്യപ്പെട്ടത്. പാർട്ടിയുടെ അനുസരണമുള്ള പ്രവർത്തകനെന്ന നിലയിൽ ആന്റണിയുടെ അഭ്യർഥനയും ശിരസ്സാവഹിച്ച് രംഗത്തിറങ്ങി. വി എസിനെതിരെ മാരാരിക്കുളത്ത് മത്സരിക്കുമ്പോഴും തന്റെ സ്വന്തം നാടെന്ന ആശ്വാസമുണ്ടായിരുന്നു. ശക്തമായ മത്സരം കാഴ്ചവെക്കാനാകുമെന്നതൊഴിച്ചാൽ ജയമെന്നത് ചിന്തയിൽ പോലുമുണ്ടായിരുന്നില്ല.

മാരാരിക്കുളം അന്നും ഇന്നും സി പി എമ്മിന്റെ ഉരുക്ക് കോട്ടയാണ്. എന്നാൽ ആ തിരഞ്ഞെടുപ്പിൽ വി എസിനെ സ്വന്തം പാർട്ടിക്കാർ തന്നെ കാല് വാരി. അവർ തനിക്കായി വോട്ട് മറിച്ചതോടെവിധി തനിക്കനുകൂലമാകുകയായിരുന്നെന്ന് ഫ്രാൻസിസ് പറയുന്നു.1965 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് താൻ വിജയിച്ചത്. 1996ൽ തനിക്കൊപ്പം കോൺഗ്രസിലെ വി എം സുധീരൻ ലോക്സഭയിലേക്ക് മത്സരിച്ചു ജയിച്ചത് പാർട്ടിക്ക് മണ്ഡലത്തിൽ ഇരട്ടവിജയം സമ്മാനിച്ചു. ഏതായാലും മാരാരിക്കുളത്തെ വി എസിന്റെ പരാജയം വലിയ വാർത്തയാകുകയും താൻ ജയന്റ്കില്ലറായി ഉയർത്തിക്കാട്ടപ്പെടുകയും ചെയ്തതോടെ, എതിരാളികൾക്ക് തന്നോട് പക വർധിച്ചു.

എം എൽ എ ആയിരുന്ന അഞ്ച് വർഷവും തിരഞ്ഞെടുപ്പ് കേസുമായി കോടതി കയറിയിറങ്ങി. തനിക്കെതിരെ സുപ്രീം കോടതിയിൽ വാദിക്കാൻ കോൺഗ്രസ് നേതാവിനെ തന്നെ വി എസ് രംഗത്തിറക്കിയെന്നതും ചരിത്രം. ജീവിക്കുന്ന തെളിവുകൾക്ക് മുന്നിൽ, ചാക്ക് തുറന്നാൽ പൂച്ച പുറത്ത് ചാടുമെന്ന പരാമർശത്തോടെ സുപ്രീം കോടതി തനിക്കെതിരായ തിരഞ്ഞെടുപ്പ് കേസ് തള്ളുകയായിരുന്നെന്ന് പി ജെ ഫ്രാൻസിസ് ഓർത്തെടുക്കുന്നു. 2001ൽ വീണ്ടും മാരാരിക്കുളത്തെത്തിയപ്പോൾ എതിരാളി ഡോ. ടി എം തോമസ് ഐസക്കായിരുന്നു. അന്ന് 12403 വോട്ടുകൾക്കാണ് താൻ പരാജയപ്പെട്ടത്.വി എസിനെ പരാജയപ്പെടുത്തിയ ആളെന്ന നിലയിൽ കേരളത്തിലെവിടെ ചെന്നാലും പഴയ തലമുറയിൽ പെട്ടവർ ഇപ്പോഴും തന്നെ തിരിച്ചറിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1978-84 കാലഘട്ടത്തിൽ ആലപ്പുഴ നഗരസഭയിൽ പ്രതിപക്ഷനേതാവായിരുന്ന ഫ്രാൻസിസ് ഏറെക്കാലം ഡി സി സി വൈസ്പ്രസിഡന്റായിരുന്നു. ഡി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് പല തവണ പരിഗണിച്ചപ്പോഴും പാർട്ടി കൊണ്ടു നടക്കാനുള്ള പണച്ചെലവ് താങ്ങാനാകില്ലെന്ന കാരണത്താൽ ഒഴിഞ്ഞുമാറുകയായിരുന്നു. ആലപ്പുഴയുടെ ചരിത്രവുമായി ബന്ധപ്പെട്ടതടക്കം നാല് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് പി ജെ ഫ്രാൻസിസ്. ഭാര്യ പ്രൊഫ. മറിയാമ്മ ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളജിലെ ചരിത്ര വിഭാഗം മേധാവിയായിരുന്നു.

പി ജെ ഫ്രാന്‍സിസ്‌