കണ്ണന്താനത്തിന് സ്വന്തം മണ്ഡലം പോലും മാറിപ്പോയി

Posted on: March 24, 2019 10:44 am | Last updated: March 24, 2019 at 10:45 am


കൊച്ചി: ബി ജെ പി എറണാകുളം മണ്ഡലം സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനത്തിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മണ്ഡലം മാറിപ്പോയി. ആദ്യ ദിവസം തന്നെയാണ് സ്വന്തം മണ്ഡലം തിരിച്ചറിയാനാകാതെ കണ്ണന്താനം പ്രചാരണത്തിന് തുടക്കമിട്ടത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും കെ എസ് ആർ ടി സി ബസിൽ കയറി എറണാകുളത്തേക്ക് യാത്ര തിരിച്ച കണ്ണന്താനം ചാലക്കുടി മണ്ഡലം പരിധിയിലിറങ്ങി വോട്ട് തേടുകയായിരുന്നു.
ആലുവ പറവൂർ കവലയിൽ വന്നിറങ്ങിയ അദ്ദേഹം ചാലക്കുടി മണ്ഡലത്തിലെ വോട്ടർമാരോടാണ് ആദ്യം വോട്ട് തേടിയത്. എറണാകുളം മണ്ഡലത്തിലെ സ്ഥാനാർഥിയായ കണ്ണന്താനത്തോട് അബദ്ധം പറ്റിയെന്നും മണ്ഡലം മാറിപ്പോയെന്നും പ്രവർത്തകരറിയച്ചതോടെയാണ് കണ്ണന്താനം പറവൂരിൽ നിന്ന് യാത്ര തിരിച്ചത്. ബസ് യാത്ര അവസാനിപ്പിച്ച കണ്ണന്താനം പിന്നെ സ്വന്തം വാഹനത്തിൽ കയറി. പ്രചാരണത്തിനിറങ്ങിയ മണ്ഡലം മാറിപ്പോയെങ്കിലും എറണാകുളം മണ്ഡലത്തിൽ നിന്നും ലോക്‌സഭയിലെത്തുന്നത് താനായിരിക്കുമെന്ന് അവകാശപ്പെട്ടാണ് അൽഫോൺസ് കണ്ണന്താനം മടങ്ങിയത്. ശേഷം സ്വന്തം മണ്ഡലത്തിലെത്തിയ അദ്ദേഹം വിവിധയിടങ്ങളിൽ പ്രവർത്തകരൊരുക്കിയ സ്വീകരണം ഏറ്റുവാങ്ങിയാണ് ആദ്യ ദിനത്തിലെ പ്രചാരണം അവസാനിപ്പിച്ചത്.
സ്ഥാനാർഥി പ്രഖ്യാപനം വന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് കേന്ദ്ര മന്ത്രികൂടിയായ അൽഫോൺസ് കണ്ണന്താനം ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയത്.