ഗവേഷണ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ എസ് എസ് എഫ് മാർച്ച്

Posted on: March 24, 2019 9:47 am | Last updated: March 24, 2019 at 9:47 am

 

ഗവേഷണ വിഷയം സ്വയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് കേന്ദ്ര സർവകലാശാലയിലേക്ക് എസ് എസ് എഫ് നടത്തിയ പ്രതിഷേധ റാലി സംസ്ഥാന ജനറൽ സെക്രട്ടറി
സി എൻ ജഅ്ഫർ സാദിഖ് ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്: ഗവേഷണ സ്വാതന്ത്ര്യം നിഷേധിക്കുന്ന കേന്ദ്ര സർവകലാശാല ഉത്തരവിനെതിരെ എസ് എസ് എഫ് പ്രതിഷേധം സംഘടിപ്പിച്ചു. കേന്ദ്ര സർവകലാശാലയിൽ ഗവേഷണം നടത്തുന്നവർ വിഷയം സ്വയം നിർണയിക്കുന്നതിന് പകരം അധികൃതർ തയ്യാറാക്കിയ പൂളിൽ നിന്നും തിരഞ്ഞെടുക്കണമെന്ന് സർക്കുലർ പുറത്തിറക്കിയിരുന്നു. ഇത് സ്വതന്ത്ര ഗവേഷണങ്ങളുടെ അന്ത്യം കുറിക്കുമെന്നും അറിവിന് അതിരുകൾ നിശ്ചയിക്കാനുള്ള ഇത്തരം നീക്കങ്ങളിൽ നിന്ന് സർവകലാശാലാ അധികൃതർ പിൻമാറണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.

ബി ജെ പി അധികാരത്തിലേറിയ സംസ്ഥാനങ്ങളിലെല്ലാം പാഠപുസ്തകങ്ങൾ കാവിവത്കരിച്ചു കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയിലെ ഇത്തരം വഴിവിട്ട ഇടപെടലുകൾക്കായി നടത്തുന്ന സ്വജനപക്ഷപാതവും അഴിമതിയും അന്വേഷണ വിധേയമാക്കണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജഅ്ഫർ സ്വാദിഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ അധ്യക്ഷത വഹിച്ചു. ജാഫർ സ്വാദിഖ് എൻ, അബ്ദുർ റഹ് മാൻ, അബ്ദുൽ റശീദ് സഅദി, സുബൈർ സംസാരിച്ചു.