Connect with us

Kozhikode

കഴിഞ്ഞകാല ഓർമകൾ അയവിറക്കി പൊറ്റക്കാടിന്റെ മകൻ

Published

|

Last Updated

പൊറ്റക്കാട് എം പി ആയിരുന്നപ്പോൾ ഡൽഹിയിൽ നിന്ന് എടുത്ത കുടുംബ ഫോട്ടോയുമായി എസ് കെ പൊറ്റക്കാടിന്റെ മകൻ ജോതീന്ദ്രൻ

പിതാവിനൊപ്പം ഡൽഹി നോർത്ത് അവന്യൂവിൽ കഴിഞ്ഞുകൂടിയ നാളുകളോർക്കുകയാണ് എസ് കെ പൊറ്റക്കാടിന്റെ മകൻ ജ്യോതീന്ദ്രൻ. പഴയ തലശ്ശേരി പാർലിമെന്റ് മണ്ഡലത്തിൽ നിന്നാണ് 1962ൽ എസ് കെ പൊറ്റക്കാട് എം പിയായി തിരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് പുതിയറയിലെ വീട് പൂട്ടിയിട്ട് എസ് കെയും കുടുംബവും അന്ന് മാഹിയിലായിരുന്നു താമസം. പൊറ്റക്കാടിന്റെ ഭാര്യ ജയവല്ലി മാഹിക്കാരിയായതുകൊണ്ടായിരുന്നു അങ്ങനെയൊരു കൂടുമാറ്റം.

ഏതായാലും സാഹിത്യകാരനായ മാഹിയിലെ മരുമകൻ അവിടുത്തുകാർക്ക് സ്വീകാര്യനായിരുന്നു. സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായ പൊറ്റക്കാട് 1957ലാണ് ആദ്യമായി പാർലിമെന്റിലേക്ക് മത്സരിച്ചത്. എന്നാൽ, ആദ്യ അങ്കം അടി തെറ്റി. കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന എം കെ ജിനചന്ദ്രനോട് ആയിരം വോട്ടുകൾക്കായിരുന്നു അടിയറവ്. അഞ്ച് കൊല്ലം കഴിഞ്ഞ് 1962ൽ രണ്ടാമങ്കത്തിനൊരുങ്ങി. ഇത്തവണ സുഹൃത്തും മറ്റൊരു സാഹിത്യകാരനുമായ സുകുമാർ അഴീക്കോടായിരുന്നു എതിരാളി. ഇടത് സ്ഥാനാർഥിയായി റോസാപ്പൂ ചിഹ്നത്തിലായിരുന്നു എസ് കെയുടെ മത്സരം.

അന്ന് മൂത്ത മകൻ ജ്യോതീന്ദ്രൻ നാലാംക്ലാസിലാണ് പഠിക്കുന്നത്. പിതാവിനെ രാഷ്ട്രീയ പ്രവർത്തകർ നാടുനീളെ തുറന്ന ജീപ്പിൽ പര്യടനത്തിന് കൊണ്ടുപോകുന്നതും അവസരം കിട്ടുമ്പോൾ ജീപ്പിന്റെ മുൻസീറ്റിൽ താൻ കയറിയിരിക്കാറുള്ളതുമൊക്കെ ജ്യോതീന്ദ്രൻ ഓർക്കുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 66000 വോട്ടുകൾക്ക് എസ് കെ വിജയിച്ചതും ആനപ്പുറത്ത് കയറ്റി അദ്ദേഹത്തെ മണ്ഡലത്തിലൂടെ ആനയിച്ചതുമൊക്കെ അന്നത്തെ കുരുന്നായിരുന്ന ജ്യോതീന്ദ്രന്റെ മനസ്സിൽ തളം കെട്ടിക്കിടക്കുന്നുണ്ട്.

തലശ്ശേരിയിലെ സർക്കസ് കമ്പനിയുടമയുമായി എസ് കെ പൊറ്റക്കാടിന് നല്ല ബന്ധമായിരുന്നു. സർക്കസ് ഉടമയുടെ നിർബന്ധ പ്രകാരമായിരുന്നു ആനപ്പുറത്തേറിയുള്ള ആനയിക്കൽ. അഴീക്കോടാ, സുകുമാരാ, അറബിക്കടലിൽ മുങ്ങിക്കോ-എന്നു തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു തോറ്റ സ്ഥാനാർഥിക്കെതിരെ മുഴങ്ങിത്. തിരഞ്ഞെടുപ്പിന് ശേഷം എസ് കെ പൊറ്റക്കാട് തട്ടകം ഡൽഹിയിലേക്ക് മാറ്റിയെങ്കിലും ഒരു വർഷത്തിനു ശേഷമായിരുന്നു ഭാര്യ ജയവല്ലിയും മക്കളായ ജ്യോതീന്ദ്രനും സുമംഗലിയും സുമിത്രയും ജയദേവനുമെല്ലാം ഡൽഹിയിലെത്തിയത്. പിന്നെ നാല് വർഷത്തോളം എം പിയുടെ മക്കളായി ഡൽഹിയിൽ ജീവിതം. നോർത്ത് അവന്യൂവിലെ ആ ജീവിതത്തെക്കുറിച്ച് ഒരു നോവൽ എഴുതണമെന്ന് എസ് കെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും തിരക്കിനിടയിൽ അത് പൂർത്തിയാക്കാനായില്ലെന്ന് മകൻ ജ്യോതീന്ദ്രൻ പറഞ്ഞു.

ഉമർ മായനാട്

Latest