Connect with us

Gulf

സ്‌പൈസ് ജെറ്റിനു പിന്നാലെ എയര്‍ ഇന്ത്യയും കരിപ്പൂര്‍-ജിദ്ദാ സര്‍വീസിന്; ആദ്യ വിമാനം മേയ് മൂന്നിന്

Published

|

Last Updated

ജിദ്ദ/കോഴിക്കോട്: കരിപ്പൂരില്‍ നിന്നും എയര്‍ ഇന്ത്യ നിയോ 320 ശ്രേണിയില്‍പ്പെട്ട വിമാനം ഉപയോഗിച്ചു കൊണ്ട് മെയ് മൂന്നു മുതല്‍ ജിദ്ദയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുക. അര്‍ധരാത്രി 12.05 ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ മൂന്നിന് ജിദ്ദയില്‍ എത്തും. കാലത്ത് അഞ്ചിന് ജിദ്ദയില്‍ നിന്നും തിരിച്ച് കരിപ്പൂരിലേക്ക് പുറപ്പെടുന്ന വിമാനം ഉച്ചക്ക് ഒരുമണിക്ക് കരിപ്പൂരില്‍ ലാന്‍ഡ് ചെയ്യും.

ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ സമയക്രമത്തില്‍ വ്യത്യാസമുണ്ട്. രാവിലെ അഞ്ചിന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം എട്ടിന് ജിദ്ദയില്‍ എത്തും. മെയ് മൂന്നിനു തന്നെ എയര്‍ ഇന്ത്യക്ക് സര്‍വീസ് തുടങ്ങുവാന്‍ ഡി ജി സി എ അനുമതി നല്‍കിയതായും ബുക്കിംഗ് ഉടനെ ആരംഭിക്കുമെന്നും ഫ്ളൈറ്റ് കോര്‍ഡിനേറ്റര്‍ നവീന്‍ ഡല്‍ഹിയില്‍ അറിയിച്ചു. ജംബോ 747 അടക്കം കോഡ്- ഇ യില്‍പ്പെട്ട വലിയ വിമാനങ്ങള്‍ തന്നെ അധികം വൈകാതെ എയര്‍ ഇന്ത്യ ജിദ്ദയിലേക്കായി ഇറക്കും. അതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.

വലിയ വിമാനങ്ങള്‍ക്കുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകും വരെ കാത്തുനില്‍ക്കാതെ നിയോ ശ്രേണിയില്‍പ്പെട്ട പുതിയ വിമാനം ഉപയോഗിച്ച് സര്‍വീസ് നടത്തുവാന്‍ എയര്‍ ഇന്ത്യ മുന്നോട്ട് വന്നത് കനത്ത പൊതു സമ്മര്‍ദം മൂലമാണ്. അനുമതി ലഭിക്കുന്ന മുറയ്ക്ക് ജിദ്ദ, റിയാദ് സര്‍വീസുകള്‍ കോഡ് – ഇ യിലേക്ക് മാറ്റുന്നതായിരിക്കും. പെരുന്നാളിനു മുമ്പു തന്നെ ജിദ്ദയിലേക്കു കൂടുതല്‍ സര്‍വീസുകള്‍ വരുന്നത് സഊദിയിലുള്ള പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമാണ്.