വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി കോടിയേരി

Posted on: March 22, 2019 10:35 pm | Last updated: March 22, 2019 at 10:35 pm

ചേര്‍ത്തല: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കണിച്ചുകുളങ്ങരയിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. ഇന്ന് വൈകീട്ട് ആറോടെ എത്തിയ കോടിയേരി അരമണിക്കൂറിലധികം സമയം ചര്‍ച്ച നടത്തിയ ശേഷമാണ് മടങ്ങിയത്. സി പി എം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, കെ എസ് ഡി പി ചെയര്‍മാന്‍ സി ബി ചന്ദ്രബാബു, മത്സ്യഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ദീര്‍ഘകാലമായി അടുപ്പമുള്ള ഇരുവരും സൗഹൃദ കൂടിക്കാഴ്ചയെന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്‍ എസ് എസുമായുള്ള അഭിപ്രായ ഭിന്നതയെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്‍ നിലപാട് മയപ്പെടുത്തുന്ന രീതിയിലായിരുന്നു കോടിയേരിയുടെ പ്രതികരണം. പാര്‍ട്ടിക്ക് ആരോടും നിഷേധാത്മകമായ നിലപാടില്ല. അനുവാദമുണ്ടെങ്കില്‍ ആരേയും കാണാന്‍ തയ്യാറാണ്. ഇതിനായി അടച്ചിട്ട വാതിലില്‍ മുട്ടിവിളിക്കില്ലെന്നും കോടിയേരി പറഞ്ഞു.

തുഷാറിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വസ്തുതക്ക് നിരയ്ക്കാത്തതാണ്. തുഷാര്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പില്ല. എസ് എന്‍ ഡി പി യോഗത്തിന്റെ ഭാരവാഹിത്വം ഒഴിയണമെന്നതാണ് അഭിപ്രായം. തിരഞ്ഞെടുപ്പില്‍ യോഗത്തിന്റെ നിലപാട് ശരിദൂരമാണെന്നും പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് ബി ജെ പിയുടെ ശോഭ കെടുത്തിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.