കുഴല്‍കിണറില്‍ കുടുങ്ങിയ ഒന്നര വയസ്സുകാരനെ 48 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി

Posted on: March 22, 2019 10:08 pm | Last updated: March 23, 2019 at 10:26 am

ഹിസാര്‍: ഹരിയാനയിലെ ഹിസാറില്‍ കുഴല്‍കിണറില്‍ കുടുങ്ങിയ ഒന്നര വയസ്സുകാരിയെ 48 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി. ബല്‍സാമന്ദ് ഗ്രാമത്തിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് നദീം എന്ന കുട്ടി തുറന്നിട്ട കുഴല്‍കിണറില്‍ വീണത്. അറുപതടി താഴ്ചയുള്ള കിണറിലാണ് കുട്ടി അകപ്പെട്ടത്.

ബുധനാഴ്ച വൈകീട്ടാണ് കുട്ടി കിണറ്റില്‍ വീണത്. തുടര്‍ന്ന് വിവരം അറിയച്ചതിനെ തുടര്‍ന്ന് നാട്ടുകാരും പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനം തുടങ്ങി. പിന്നീട് ദേശീയ ദുരന്ത നിവാരണ സേനയും രംഗത്തെത്തി. ഊര്‍ജിത രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ വെള്ളിയാഴ്ച വൈകീട്ടോടെ കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.

തുടക്കത്തില്‍ കുട്ടി കുടുങ്ങിയ കുഴല്‍കിണറിന് സമാന്തരമായി 20 അടി മാറി കുഴിയെടുത്ത് അതില്‍ നിന്നും ടണല്‍ നിര്‍മിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയുടെ നീക്കങ്ങള്‍ സിസിടിവി ക്യാമറയിലൂടെ നിരീക്ഷിച്ചിരുന്നു.