Kerala
ഡി ജി പി. ജേക്കബ് തോമസ് സ്വയം വിരമിച്ചു; ചാലക്കുടിയില്‍ മത്സരിച്ചേക്കും

തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡി ജി പി. ജേക്കബ് തോമസ് ഐ പി എസ് പദവിയില്‍ നിന്ന് വിരമിച്ചു. സ്വയം വിരമിക്കലിനുള്ള അപേക്ഷ അദ്ദേഹം ചീഫ് സെക്രട്ടറിക്കും കേന്ദ്ര സര്‍ക്കാറിനും നല്‍കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി20 കൂട്ടായ്മ അദ്ദേഹത്തെ ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയാക്കുമെന്നാണ് അറിയുന്നത്.
33 വര്‍ഷത്തെ സര്‍വീസിനു ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്. 2017 ഡിസംബര്‍ 30 മുതല്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. 1985 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബര്‍ മുതല്‍ സസ്പെന്‍ഷനില്‍ കഴിയുകയാണ്. ഒന്നര വര്‍ഷത്തെ സര്‍വീസ് അവശേഷിക്കെയാണ് അദ്ദേഹം കളംമാറിയുള്ള പരീക്ഷണത്തിനൊരുങ്ങുന്നത്. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നതായി ജേക്കബ് തോമസ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
മൂന്നു തവണയാണ് ജേക്കബ് തോമസ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. ഓഖി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനെതിരെ പ്രസംഗിച്ചതിനായിരുന്നു ഇതില്‍ ആദ്യത്തേത്. പുസ്തകത്തിലൂടെ സര്‍ക്കാറിനെ വിമര്‍ശിച്ചതിന് ആറു മാസത്തിനു ശേഷം വീണ്ടും സസ്പെന്‍ഷനിലായി. തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ നടത്തിയതായി ആരോപിച്ച് മൂന്നാമതും സസ്പെന്‍ഷന്‍ ലഭിച്ചു.