സ്‌നേഹവും കരുതലും ലോകത്തെ പഠിപ്പിച്ച് ന്യൂസിലാന്‍ഡ്: ഖുതുബ കേള്‍ക്കാന്‍ ജസീന്തയും

Posted on: March 22, 2019 2:42 pm | Last updated: March 22, 2019 at 7:12 pm

ക്രൈസ്റ്റ്ചര്‍ച്ച്: ഭീകരാക്രമണത്തിന്റെ ഇരകളെ സ്‌നേഹവും കരുതലും നല്‍കി എങ്ങനെ സംരക്ഷിക്കണമെന്ന് ലോകത്തെ പഠിപ്പിച്ച് ന്യൂസിലാന്‍ഡ്. ഇരകളുടെ വിശ്വാസ ആചാരണങ്ങള്‍ സംരക്ഷിക്കാന്‍ ഭരണകൂടം പുലര്‍ത്തിയ ജാഗ്രത ലോകചരിത്രത്തില്‍ തന്നെ അപൂര്‍വ്വം. ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോട് ആദരം പ്രകടിപ്പിച്ച് പള്ളികളില്‍ നടന്ന ജുമഅ നിസ്‌ക്കാരവും ഖുതുബയും രാജ്യത്തെ ടി വിയിലൂടെയും റേഡിയോയിലുടെയും ലൈവായി സംപ്രേഷണം ചെയ്തു. രാജ്യത്തെ മുഴുവന്‍ പള്ളികളിലും പ്രത്യേക പ്രാര്‍ഥനയും പള്ളിക്ക് പള്ളിക്ക് പരിസരങ്ങളിലുമായി രണ്ട് മിനുട്ട് മൗന പ്രാര്‍ഥനയും നടന്നു. ഭീകരാക്രമണം നടന്ന ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ പള്ളിക്ക് പരിസരത്തായി നടന്ന പ്രാര്‍ഥനയില്‍ പ്രധാനമനന്ത്രി ജസീന്താ ആര്‍ഡേണ്‍ പങ്കാളിയായി. പ്രധാനമന്ത്രിയെകൂടെതെ മറ്റ് മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും അടക്കം 5000ത്തോളം പേരാണ് അല്‍ നൂര്‍ പള്ളിക്ക് പരിസരത്തെ ഹാഗ്ലി പാര്‍ക്കിലെത്തിയത്. നാം ഒന്നാണ്. രാജ്യം നിങ്ങളുടെ ദുഖത്തിനൊപ്പമാണ്. എന്റെ അയല്‍ക്കാരായ മുസ്ലിംങ്ങള്‍ക്ക് ഒപ്പമാണ് ഞാന്‍ തുടങ്ങി പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് കിവീസ് ജനത പള്ളിക്ക് പരിസരത്തേക്ക് ഒഴുകിയെത്തിയത്.

ഹിജാബും പര്‍ദയും ധരിച്ചായിരുന്നു പ്രധാനമന്ത്രി അടക്കമുള്ള സ്ത്രീകള്‍ പള്ളി പരിസരത്ത് എത്തിയത്. സ്ത്രീ സുരക്ഷാ ഉദ്യോഗസ്ഥരും തലമറക്കുകയും ചുവന്ന റോസാപ്പൂ വസത്രത്തില്‍ തുന്നിചേര്‍ക്കുകയും ചെയ്തിരുന്നു. ന്യൂസിലന്‍ഡ് ജനത നിങ്ങള്‍ക്കൊപ്പം കരയുകയാണ്. നാം ഒന്നാണ്. രണ്ട് മിനുട്ട് നീണ്ട മൗന പ്രാര്‍ഥനക്ക് ശേഷം പ്രധാനമന്ത്രി പറഞ്ഞു.

അല്‍ നൂര്‍ പള്ളി ഇമാം ഗമാല്‍ ഫൗദയുടെ ഖുതുബയാണ് രാജ്യത്തെ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തത്. മാനുഷിക മൂല്ല്യങ്ങളും സ്‌നേഹവും ഉയര്‍ത്തിപ്പിടിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ഖുതുബ ജനത ആവേശത്തോടെ സ്വീകരിച്ചു. പരസ്പര സ്‌നേഹവും കാരണ്യവും സംബന്ധിച്ച് പ്രവാചകന്‍ വിശ്വാസികളെ ഉണര്‍ത്തിയ കാര്യങ്ങള്‍ ഖുതുബയില്‍ മുഴങ്ങി. ന്യൂസിലന്‍ഡ് ജനത നല്‍കിയ സ്‌നേഹവും പിന്തുണയും തകര്‍ക്കാനാകത്ത കരുത്താണ്. പ്രധാനമന്ത്രിയുടെ കാരുണ്യം ലോകനേതാക്കള്‍ക്ക് പാഠമാണ്. ചേര്‍ത്തുപിടിച്ചതിനും ലളിതമായ സ്‌കാര്‍ഫ്‌കൊണ്ട് ബഹുമാനിച്ചതിനും പ്രധാനമന്ത്രിക്ക് നന്ദി- ഇമാം പറഞ്ഞു. ഞങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുന്നു. എന്നാല്‍ ഞങ്ങള്‍ തകര്‍ന്നിട്ടില്ല. ഞങ്ങള്‍ ഒരുമിച്ച് ജീവിക്കും. ഭിന്നിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല. ഭീകരാക്രമണത്തിലെ ഇരകളുടെ മരണം വെറുതെയാകില്ല. അവരുടെ രക്തം പ്രതീക്ഷകളുടെ വിത്തുകള്‍ക്ക് വളമാകുമെന്നും ഇമാം കൂട്ടിച്ചേര്‍ത്തു.

ജുമഅ കഴിഞ്ഞ് പുറത്തിറങ്ങിയ വിശ്വാസികളും പള്ളിക്ക് പരിസരത്ത് എത്തിയ ഇതര മതസ്ഥരും പരസ്പരം ആശ്ലേഷിച്ചും ഹസ്തദാനും ചെയ്തുമാണ് മടങ്ങിയത്.