Connect with us

Ongoing News

ജമാഅത്ത് പാർട്ടിക്ക് മടുത്തു; ഇത്തവണ മത്സരത്തിനില്ല

Published

|

Last Updated

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പല പരീക്ഷണങ്ങള്‍ നടത്തിയ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടി ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. 20 ലോക്ഭാ മണ്ഡലങ്ങളിലും യു ഡി എഫിനെ പിന്തുണക്കാനാണ് തീരുമാനം. ബി ജെ പിയെ തടയുന്നതിന്റെ ഭാഗമായെന്നാണ് വിശദീകരണമെങ്കിലും മത്സരിച്ച് കനത്ത പരാജയം ഏറ്റുവാങ്ങുന്നതിന്റെ നാണക്കേടും പിന്മാറ്റത്തിന് പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാറുള്ള വെല്‍ഫെയര്‍ പാര്‍ട്ടിക്ക് പലപ്പോഴും കെട്ടി വെച്ച പണം തന്നെ കിട്ടാറില്ല. ബി ജെ പിയെ തടയാന്‍ മുഖ്യപ്രതിപക്ഷമായ യു പി എക്ക് മാത്രമേ കഴിയൂവെന്നതിനാല്‍ കേരളത്തില്‍ യു ഡി എഫിനെ പിന്തുണക്കുന്നുവെന്നാണ് വിശദീകരണം. ജമാഅത്തെ ഇസ്ലാമിയുടെ നിര്‍ദേശം അനുസരിച്ചാണ് മത്സരിക്കേണ്ടെന്ന തീരുമാനം.

ആര്‍ എം പി, എസ് യു സി ഐ, വി ബി ചെറിയാന്റെ എം സി പി ഐ എന്നിവര്‍ ചേര്‍ന്ന മുന്നണിയായാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിച്ചിരുന്നത്. നാലിടത്ത് പാര്‍ട്ടി സ്ഥാനാര്‍ഥികളെയും ഒരിടത്ത് സ്വതന്ത്രനെയും മത്സരിപ്പിച്ചു. മറ്റു മണ്ഡലങ്ങളില്‍ സഖ്യകക്ഷി സ്ഥാനാര്‍ഥികളെയും പിന്തുണച്ചു. ജയിക്കില്ലെന്ന ഉറപ്പോടെയാണ് മത്സരിക്കുന്നതെങ്കിലും ഫലം വന്നപ്പോള്‍ വോട്ടെണ്ണത്തിലും എട്ടുനിലയില്‍ പൊട്ടി.

മത്സരിച്ച് നാണം കെടുന്നതിനേക്കാള്‍ യു ഡി എഫിനെ പിന്തുണക്കുകയാണ് ഉചിതമെന്ന ജമാഅത്തെ ഇസ്ലാമി നിര്‍ദേശം വെല്‍ഫെയര്‍ പാര്‍ട്ടി നടപ്പാക്കുകയായിരുന്നു. പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറിനെ പിന്തുണക്കണമെന്ന് ജമാഅത്ത് അണികള്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇ ടിയെ പിന്തുണക്കണമെന്ന് ഒരുവിഭാഗം ജമാഅത്ത് അണികള്‍ ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാതെ സ്വതന്ത്രനെ പിന്തുണച്ചത് പൊട്ടിത്തെറിക്ക് ഇടയാക്കിയിരുന്നു. ഇതും ഇത്തവണ കണക്കിലെടുത്തു. ഒരു കാലത്ത് വോട്ട് ചെയ്യുന്നത് നിഷിദ്ധമായിരുന്നു ജമാഅത്തെ ഇസ്ലാമിക്ക്. പിന്നീട് സ്ഥാനാര്‍ഥികളുടെ “മൂല്യം” നോക്കി വോട്ട് ചെയ്യുന്നതായി രീതി. ഇതിന് ശേഷം ഒരു മുന്നണിക്ക് പതിച്ച് നല്‍കുന്നത് പതിവാക്കി. ഇതിന് ശേഷമാണ് രാഷ്ട്രീയമുഖമായി വെല്‍ ഫെയര്‍ പാര്‍ട്ടിയെ അവതരിപ്പിച്ച് മത്സരിക്കാനിറങ്ങിയത്.

---- facebook comment plugin here -----

Latest