പീഡനത്തിനിരയായതായി പരാതി നല്‍കിയ യുവതിക്കെതിരെ നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് കേസ്

Posted on: March 21, 2019 1:35 pm | Last updated: March 21, 2019 at 4:05 pm

പാലക്കാട്: ചെര്‍പ്പുളശേരി പീഡനക്കേസില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് യുവതിക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മണ്ണൂര്‍ നഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനം നടന്നെന്ന ആരോപണം യുവതി ഉന്നയിക്കുന്നത്.

16ന് ഉച്ചക്ക് ഒരുമണിയോടെയാണ് മങ്കര മണ്ണൂര്‍ നഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 20 കാരിയാണ് കുട്ടിയുടെ അമ്മയെന്ന് തിരിച്ചറിഞ്ഞു. ഇരുവരും പ്രദേശത്തെ കോളജ് വിദ്യാര്‍ഥികളായിരുന്നുവെന്നും കോളജ് മാഗസിനുമായി ബന്ധപ്പെട്ട് ചെര്‍പ്പുളശ്ശേരി സി പി എം ഏരിയാ കമ്മിറ്റി ഓഫീസിലെത്തിയെന്നുമാണ് വിവരം. ഇവിടെ വെച്ചാണ് പീഡനം നടന്നതെന്ന് യുവതി ആരോപിക്കുന്നു. എന്നാല്‍ പാര്‍ട്ടിയുമായി ഇവര്‍ക്ക് ബന്ധമില്ലെന്ന് സി പി എം ഏരിയാ കമ്മിറ്റി പറയുന്നുണ്ടെങ്കിലും ഇരുവരും എങ്ങനെ ഓഫീസിലെത്തിയെന്നതാണ് ദുരുഹത പടര്‍ത്തുന്നത്.

സംഭവം നടന്നത് ചെര്‍പ്പുളശ്ശേരി പരിധിയിലാണെങ്കിലും യുവതി പരാതി നല്‍കിയിരിക്കുന്നത് മങ്കര സ്റ്റേഷനിലാണ്. മങ്കര പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി പോലീസാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും പോലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. നിഷ്പക്ഷ അന്വേഷണം നടത്തി വസ്തുത ഉടന്‍ പുറത്ത് കൊണ്ടുവരണമെന്ന് എം ബി രാജേഷ് എം പി ആവശ്യപ്പെട്ടു