സഊദിയില്‍ മരിച്ച യുവാവിന്റെ മൃതദേഹത്തിനു പകരം എത്തിച്ചത് മറ്റൊരാളുടെ മൃതദേഹം

Posted on: March 21, 2019 12:15 pm | Last updated: March 21, 2019 at 1:19 pm

റിയാദ്/പത്തനംതിട്ട: സഊദിയില്‍ മരിച്ച മലയാളി യുവാവിന്റെ മൃതദേഹത്തിന് പകരം നാട്ടിലെത്തിച്ചത് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം. ഹൃദയാഘാതം മൂലം മരിച്ച പത്തനംതിട്ട കോന്നി സ്വദേശി റഫീഖിന്റെ മൃതദേഹത്തിനു പകരമാണ് ശ്രീലങ്കന്‍ സ്വദേശിയുടെ മൃതദേഹം എത്തിച്ചത്.

സഊദിയില്‍ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്ന റഫീഖ് ഫെബ്രുവരി 27 നാണ് മരിച്ചത്. തുടര്‍ന്ന് സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി കോന്നിയിലെ വീട്ടിലെത്തിക്കുകയായിരുന്നു. മൃതദേഹം എംബാം ചെയ്തു സൂക്ഷിച്ച പെട്ടി മരണാനന്തര ചടങ്ങുകള്‍ക്കായി തുറന്നപ്പോഴാണ് സ്ത്രീയുടെ മൃതദേഹമാണെന്നറിയുന്നത്. മൃതദേഹത്തിലെ ടാഗില്‍ ശ്രീലങ്കന്‍ യുവതിയുടേതെന്ന് കരുതുന്ന പേരുണ്ട്.

വിവരമറിഞ്ഞയുടന്‍ പോലീസെത്തി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സഊദിയിലെ ആശുപത്രിയില്‍ മൃതദേഹം എംബാം ചെയ്യുന്നതിനിടെ മാറിപ്പോയതാവാമെന്നാണ് കരുതുന്നത്. റഫീഖിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. നോര്‍ക്ക, എംബസി വഴി ബന്ധപ്പെട്ടതായി ബന്ധുക്കളും പറഞ്ഞു.