Connect with us

International

ന്യൂസിലന്‍ഡില്‍ തോക്കുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്നു

Published

|

Last Updated

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ തോക്കുകള്‍ നിരോധിക്കുമെന്ന് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേന്‍. സൈനികര്‍ ഉപയോഗിക്കുന്ന സെമി ഓട്ടോമാറ്റിക് തോക്കുകള്‍ക്ക് സമാനമായവയും റൈഫിളുകളും ഉള്‍പ്പടെയാണ് നിരോധിക്കുന്നത്. വ്യാഴാഴ്ച തലസ്ഥാനമായ വെല്ലിംഗ്ടണില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 15 ന് ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്‌ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുന്നത്. അക്രമി നടത്തിയ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഏപ്രില്‍ 11ഓടെ നിയമം പ്രാബല്യത്തിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ആര്‍ഡേന്‍ പറഞ്ഞു. തോക്ക് കൈവശമുള്ളവര്‍ നടപടി ഒഴിവാക്കുന്നതിനായി അത് പോലീസിനെ ഏല്‍പ്പിക്കണം.

“രാജ്യത്ത് തോക്കുകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ദുര്‍ബലമാണെന്നതിന് തെളിവാണ് ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ അക്രമം. സമൂഹത്തെ സുരക്ഷിതമാക്കുന്നതിന് നിയമ പരിഷ്‌കരണം ഉള്‍പ്പടെയുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കും. തോക്കുകള്‍ പോലീസിനെ ഏല്‍പ്പിക്കുന്നതിന് നിശ്ചിത സമയം നല്‍കും. തോക്കുകള്‍ ഏല്‍പ്പിക്കുന്ന ഉടമകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കും. ഈ ഇനത്തില്‍ പത്തു കോടി മുതല്‍ 200 കോടി വരെ ഡോളര്‍ സര്‍ക്കാറിന് ബാധ്യത വരും. വാങ്ങിയെടുക്കുന്ന തോക്കുകളെല്ലാം നശിപ്പിക്കും”- പ്രധാന മന്ത്രി പറഞ്ഞു.

ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കാബിനറ്റ് നല്‍കിക്കഴിഞ്ഞതായും വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും ജസിന്ത വ്യക്തമാക്കി.