നിശ്ചയദാര്‍ഢ്യക്കാരുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കി ദുബൈ എമിഗ്രേഷന്‍

Posted on: March 20, 2019 7:35 pm | Last updated: March 20, 2019 at 7:35 pm

ദുബൈ: നിശ്ചയദാര്‍ഢ്യ വിഭാഗത്തില്‍പെടുന്ന ആളുകള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ സുഖകരമാക്കുന്നതിന് പ്രത്യേകം സൗകര്യമൊരുക്കി ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്സ് (ദുബൈ എമിഗ്രേഷന്‍).

ഇത്തരക്കാര്‍ക്ക് പരസഹായമില്ലാതെ പണം പിന്‍വലിക്കാനും വിവിധ ഇടങ്ങളിലേക്ക് നിക്ഷേപിക്കാനും സാധ്യമാക്കുന്ന അത്യാധുനിക എ ടി എം മെഷീന്‍ കഴിഞ്ഞ ദിവസം വകുപ്പ് പുറത്തിറക്കി. ഇതിലൂടെ ശാരീരിക വൈകല്യമുള്ളരുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് പ്രത്യേകം സൗകര്യമൊരുക്കിയ രാജ്യത്തെ ആദ്യത്തെ സര്‍ക്കാര്‍ സ്ഥാപനമായി ദുബൈ എമിഗ്രേഷന്‍. ഷാര്‍ജ ഇസ്‌ലാമിക് ബേങ്കുമായി സഹകരിച്ചാണ് സംവിധാനം.

ദുബൈ എമിഗ്രേഷന്റെ മുഖ്യകാര്യാലയമായ ജാഫ്‌ലിയ ഓഫീസിന്റെ ഗേറ്റ് നമ്പര്‍ നാലിന്റെ മുന്‍ഭാഗത്താണ് എ ടി എം സ്ഥാപിച്ചിരിക്കുന്നത്. ദുബൈ എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി മെഷീന്‍ കൗണ്ടര്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.

എ ടി എം മെഷീന്‍ കൗണ്ടറിനുള്ളിലേക്ക് വീല്‍ചെയറുകള്‍ക്ക് കടന്നുവരാനുള്ള പ്രത്യേക സഞ്ചാരപാത, കണ്ണിന് കാഴ്ചയില്ലാത്തവര്‍ക്ക് തിരിച്ചറിവിനുള്ള പ്രത്യേക ടച്ചിംഗ് സംവിധാനം, ശബ്ദ സന്ദേശങ്ങള്‍, തുടങ്ങിയ ഇവിടെ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഇത്തരക്കാര്‍ക്ക് പണം പിന്‍വലിക്കല്‍, ബാലന്‍സ് അന്വേഷണങ്ങള്‍ മിനി അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, രഹസ്യ കോഡ് മാറ്റല്‍, വോയ്‌സ് സര്‍വീസ്, വിവിധ യൂട്ടിലിറ്റി പേമെന്റ് അടക്കാനുമുള്ള വിവിധ സേവനങ്ങളും തേടാവുന്നതാണ്. വരും കാലങ്ങളില്‍ ഇത്തരക്കാര്‍ക്ക് സഹായകമായുള്ള കൂടുതല്‍ സേവനങ്ങള്‍ ഇതില്‍ ലഭ്യമാക്കുന്നതാണെന്ന് അധിക്യതര്‍ അറിയിച്ചു. സാധാരണ ആളുകള്‍ക്കും മെഷീനില്‍ നിന്ന് പണം പിന്‍വലിക്കാവുന്നതാണ്.

ഉദ്ഘാടന ചടങ്ങില്‍ ദുബൈ എമിഗ്രേഷന്‍ ഉപമേധാവി മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍, വകുപ്പിലെ മറ്റു ഉന്നത ഉദ്യോഗസ്ഥര്‍, ഷാര്‍ജ ഇസ്‌ലാമിക് ബേങ്കിന്റെ ഉന്നത മേധാവികള്‍, വകുപ്പില്‍ ജോലിചെയ്യുന്ന ശാരീരിക വൈകല്യമുള്ള ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.