Connect with us

National

സംഝോധ എക്‌സ്പ്രസ് സ്‌ഫോടനം: അസീമാനന്ദ ഉള്‍പ്പെടെ നാല് പ്രതികളേയും വെറുതെ വിട്ടു

Published

|

Last Updated

ഹരിയാന: സംഝോധ എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ ആസീമാനന്ദ ഉള്‍പ്പെടെ നാല് പ്രതികളെ കോടതി വെറുതെ വിട്ടു. ഗൂഢാലോചന ഉള്‍പ്പെടെ ഇവര്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. ഹരിയാനയിലെ പഞ്ച് കുളങ്ങരയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. അസീമാനന്ദക്ക് പുറമെ ലോകേഷ് ശര്‍മ, കമല്‍ ചൗഹാന്‍, രജീന്ദര്‍ ചൗധരി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

സ്‌ഫോടനം നടത്താന്‍ സഹായം നല്‍കിയെന്നതാണ് അസീമാനന്ദക്ക് എതിരായ കുറ്റം. കൊലപാതകം , ക്രിമിനല്‍ ഗൂഢാലോചന, ആയുധ നിയമം, റെയില്‍വേ നിയമം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. ഗുജറാത്തിലെ അക്ഷര്‍ധാം, ജമ്മുവിലെ രഘുനാഥ് മന്ദിര്‍, വാരണാസിയിലെ സങ്കേത് മോച്ചന്‍ മന്ദിര്‍ എന്നീ ക്ഷേത്രങ്ങളില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്ക് പ്രതികാരമായാണ് സംഝോത എക്‌സ്പ്രസില്‍ പ്രതികള്‍ സ്‌ഫോടനം നടത്തിയതെന്നായിരുന്നു എന്‍ഐഎ കുറ്റപത്രം. 2007 ഫിബ്രവരി 18ന് ഹരിയാനയിലെ പാനിപത്ത് സ്റ്റേഷനില്‍ വെച്ചാണ് സംഝോധ എക്‌സ്പ്രസില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 68 പേര്‍ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരില്‍ ഭൂരിഭാഗവും പാക്ക് പൗരന്‍മാരായിരുന്നു. ഡല്‍ഹിയില്‍നിന്നും ലാഹോറിലേക്ക് പോകുന്ന സൗഹൃദ ട്രെയിനാണിത്.

Latest