വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച് ഇന്നസന്റ്; എന്‍ എസ് എസ് ആസ്ഥാനത്തു പോകില്ല

Posted on: March 20, 2019 1:04 pm | Last updated: March 20, 2019 at 1:04 pm

ആലപ്പുഴ: തിരഞ്ഞെടുപ്പില്‍ പിന്തുണ തേടി ചാലക്കുടിയിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി ഇന്നസന്റ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സഹായമഭ്യര്‍ഥിച്ച് എന്‍ എസ് എസ് ആസ്ഥാനത്തു പോകില്ലെന്നും എന്നാല്‍, എന്‍ എസ് എസ് നേതൃത്വത്തോട് പിന്തുണ തേടുമെന്നും ഇന്നസന്റ് പറഞ്ഞു.

താന്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത് ജനങ്ങളെ ആവേശത്തിലാഴ്ത്തിയിട്ടുണ്ടെന്ന് ഇന്നസന്റ് പറഞ്ഞു. ആദ്യം മത്സര രംഗത്തെത്തിയപ്പോള്‍ ആരുമല്ലായിരുന്നു. എന്നാല്‍, ഇപ്പോള്‍ തനിക്ക് പലതും പറയാനും എടുത്തുകാണിക്കാനുമുണ്ട്. ചാലക്കുടിയില്‍ 1700 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്- ഇന്നസന്റ് പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളി തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന അഭിപ്രായം വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. തുഷാര്‍ മത്സരിക്കുന്നുവെങ്കില്‍ യോഗം വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയണം. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ഈഴവര്‍ക്ക് പ്രാതിനിധ്യം നല്‍കിയിട്ടില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.