Connect with us

Gulf

മരുന്ന് വ്യവസായം; കരട് നിയമം തയ്യാറാകുന്നു, വ്യാജ ഉത്പന്നം പിടികൂടിയാല്‍ 10 ലക്ഷം ദിര്‍ഹം പിഴ

Published

|

Last Updated

അബൂദബി: വ്യാജ മരുന്ന് ഉത്പന്നങ്ങളില്‍ നിന്ന് പൗരന്മാരെയും താമസക്കാരേയും സംരക്ഷിക്കുന്നതിന് പുതിയ കരട് നിയമം വരുന്നു. വ്യാജ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നതില്‍ നിന്നും ഫാര്‍മസിസ്റ്റുകളേയും മരുന്നു വ്യവസായികളേയും നിയന്ത്രിക്കുകയാണ് പുതിയ കരട് നിയമം ലക്ഷ്യം വെക്കുന്നത്. ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ് എന്‍ സി) അംഗങ്ങള്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ കരട് നിയമം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു. വ്യവസായം നിലവിലെ ആഗോള സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ഉറപ്പുവരുത്തലും പുതിയ നിയമം ലക്ഷ്യമിടുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

എഫ് എന്‍ സി അംഗങ്ങള്‍ ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്ത ശേഷം പാസ്സാക്കപ്പെടുന്ന കരട് നിയമ പ്രകാരം അഞ്ചു വര്‍ഷം വരെ തടവും 10 ലക്ഷം ദിര്‍ഹം പിഴയും ലൈസന്‍സ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷയുമാണ് ലഭിക്കുക. ഫാര്‍മസ്യൂട്ടിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം, മെഡിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്നതിനാണ് കരട് നിയമം ലക്ഷ്യമിടുന്നത്. ആഗോള വികസനം ഉറപ്പാക്കുന്നതിന് പുറമെ പുതിയ നിയമം രാജ്യത്ത് അനുകൂലമായി പ്രതിഫലിപ്പിക്കുകയും പൗരന്മാരുടെയും താമസക്കാരുടെയും സംരക്ഷണം ഉറപ്പ് നല്‍കുകയും ചെയ്യുന്നു.

മരുന്ന് വ്യവസായ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരാന്‍ പ്രധാന കാരണം മേഖലയില്‍ നിരവധി മാറ്റങ്ങള്‍ നടന്നതാണ്.
ഫാര്‍മസി, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിന്റെ പ്രൊഫഷന്‍ സംബന്ധിച്ച കരട് നിയമം 1983 ഫെഡറല്‍ നിയമം നമ്പര്‍ 4, 34 വര്‍ഷം മുമ്പാണ് പ്രാബല്യത്തില്‍ വന്നതെന്ന് എഫ് എന്‍ സി ചര്‍ച്ചക്ക് മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ കരട് നിയമം അനുസരിച്ച്, മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ വിവര സാങ്കേതിക വിദ്യയുടെ ശരിയായ ഉപയോഗം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്ന വ്യാപാരികളുടെ അവകാശങ്ങള്‍ നിയമം സംരക്ഷിക്കും. ഓരോ കക്ഷിയുടെയും ചുമതലകള്‍ നിര്‍വചിക്കുക, ശരിയായ ആശയവിനിമയവും വിവരങ്ങളുടെ കൈമാറ്റവും ഉറപ്പുവരുത്തുക എന്നിവ പ്രധാനപ്പെട്ടതാണ്.

വിവരം അനുസരിച്ചു നിയമപ്രകാരമുള്ള അപേക്ഷയുടെ പരിധിയില്‍ ബില്ലില്‍ 122 വ്യവസ്ഥകള്‍ അടങ്ങിയിരിക്കുന്നു. അവ അഞ്ച് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. മെഡിക്കല്‍ ഉത്പന്നങ്ങളുടെ നിയന്ത്രണം സംബന്ധിച്ച വ്യവസ്ഥകള്‍, ഫാര്‍മസി പ്രൊഫഷനും ഫാര്‍മസ്യൂട്ടിക്കല്‍ സംരംഭങ്ങളും, അഡ്മിനിസ്‌ട്രേറ്റീവ് അച്ചടക്കം സംബന്ധിച്ച ഉത്തരവാദിത്തം, നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ എന്നിവയാണത്.

കരട് നിയമം ഏറ്റവും കുറഞ്ഞത് ആറു മാസത്തില്‍ കുറയാത്ത തടവ് വ്യവസ്ഥ ചെയ്യുന്നുണ്ട്. മെഡിക്കല്‍ ലൈസന്‍സ് നേടുന്നതിനോ അല്ലെങ്കില്‍ മറ്റേതെങ്കിലും നിയമവിരുദ്ധമായ ഉപയോഗത്തിനോ തെറ്റായ പ്രമാണങ്ങള്‍ നല്‍കുന്ന ഒരു വ്യക്തി അല്ലെങ്കില്‍ സ്ഥാപനത്തിന് രണ്ട് വര്‍ഷം തടവും, 50,000 മുതല്‍ രണ്ട് ലക്ഷം ദിര്‍ഹം വരെ പിഴയും രണ്ടും കൂടിയോ ലഭിക്കും. രാജ്യത്ത് വ്യാജ അല്ലെങ്കില്‍ അപകടകരമായ മെഡിക്കല്‍ ഉത്പന്നങ്ങള്‍ വില്‍പന നടത്തിയാല്‍ 50,000 ദിര്‍ഹമിന് മുകളില്‍ ഒരു ലക്ഷത്തില്‍ കുറയാത്ത പിഴ ലഭിക്കും. കൂടാതെ ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ ജയില്‍ ശിക്ഷയും പുതിയ കരട് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest