ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ മര്‍ദിച്ച സംഭവം: എട്ടു പേര്‍ക്കെതിരേ കേസെടുത്തു

Posted on: March 19, 2019 11:16 pm | Last updated: March 20, 2019 at 10:46 am

ശബരിമല: ശബരിമല ദര്‍ശനത്തിനായി കുടുംബസമേതം എത്തിയ ചെന്നൈ സ്വദേശിനിയായ യുവതിയെ ശബരിപീഠത്തിന് സമീപം തടയുകയും പിടിച്ചുതള്ളുകയും മര്‍ദിക്കുകയും ചെയ്തതിന് കണ്ടാലറിയാവുന്ന എട്ട് ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ക്കെതിരെ പമ്പ പോലീസ് കേസെടുത്തു.

18ന് വൈകിട്ട് 7.45 മണിയോടെയാണ് സംഭവം. യുവതി ഭര്‍ത്താവിനും സഹോദരിമാര്‍ക്കും ഒപ്പമാണ് ശബരിമല ദര്‍ശനത്തിന് എത്തിയത്. ശബരിപീഠത്തിന് സമീപം എത്തിയപ്പോള്‍ പത്തോളം വരുന്ന കര്‍മസമിതി പ്രവര്‍ത്തകര്‍ യുവതിയോട് പ്രായം തെളിയിക്കുന്നതിനുള്ള രേഖ ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ച യുവതിയെ കര്‍മസമിതി പ്രവര്‍ത്തകര്‍ പിടിച്ചുതള്ളുകയും മര്‍ദിക്കുകയും ചെയ്തു. ഇതുകണ്ട് പ്രശ്‌നത്തില്‍ ഇടപെട്ട പോലീസുമായും കര്‍മസമിതി പ്രവര്‍ത്തകര്‍ വാക്കേറ്റം നടത്തുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തു.

ചെന്നൈ സ്വദേശിനിയുടെ പരാതി പ്രകാരം ഒരു കേസും പോലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിന് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് കേസിലും പമ്പ സി ഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്.