ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് അധ്യക്ഷനായി ലോക്പാല്‍

Posted on: March 19, 2019 10:17 pm | Last updated: March 20, 2019 at 9:37 am

ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് അധ്യക്ഷനായുള്ള ലോക്പാലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. ജസ്റ്റിസുമാരായ ദിലീപ് ബി ഭോസ്‌ലെ, പ്രദീപ് കുമാര്‍ മൊഹന്തി, അഭിലാഷ കുമാരി, അജയ് കുമാര്‍ ത്രിപാഠി എന്നിവര്‍ ലോക്പാലിലെ ജുഡീഷ്യല്‍ അംഗങ്ങളാണ്. ദിനേഷ് കുമാര്‍ ജെയ്ന്‍, അര്‍ച്ചന രാമസുന്ദരം, മഹേന്ദര്‍ സിംഗ്, ഡോ. ഇന്ദര്‍ജീത്ത് പ്രസാദ് ഗൗതം എന്നിവരെ നോണ്‍ ജുഡീഷ്യല്‍ അംഗങ്ങളായും നിയമിച്ചു.

പ്രധാന മന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ലോക്പാല്‍ നിയമന സമിതിയുടെ തീരുമാനത്തിനാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാനാണ് ലോക്പാലിനെ നിയോഗിച്ചിട്ടുള്ളത്.

പ്രധാന മന്ത്രി, കേന്ദ്ര മന്ത്രിമാര്‍, എം പിമാര്‍, മുമ്പ് ഈ പദവികള്‍ വഹിച്ചിരുന്നവര്‍, കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവയും സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍, വര്‍ഷം തോറും 10 ലക്ഷം രൂപയിലധികം വിദേശ സഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയും ലോക്പാലിന്റെ പരിധിയില്‍ വരും.