ബംഗാളില്‍ 38 സാരഥികളെ പ്രഖ്യാപിച്ച് എല്‍ ഡി എഫ്; നാലെണ്ണത്തില്‍ കോണ്‍ഗ്രസ് തീരുമാനത്തിനു കാക്കും

Posted on: March 19, 2019 7:32 pm | Last updated: March 19, 2019 at 10:56 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യതകള്‍ക്കു മങ്ങലേറ്റതോടെ 38 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഇടതു മുന്നണി. എന്നാല്‍, കോണ്‍ഗ്രസിന്റെ നാല് സിറ്റിംഗ് സീറ്റുകള്‍ ഒഴിച്ചുനിര്‍ത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ സഖ്യം രൂപവത്കരിക്കുന്ന കാര്യത്തില്‍ അന്തിമ നിലപാടെടുക്കുന്നതിന് കോണ്‍ഗ്രസിന് 24 മണിക്കൂര്‍ സമയം നല്‍കി.

കോണ്‍ഗ്രസിന്റെ തീരുമാനത്തിനായി ബുധനാഴ്ച വൈകുന്നേരം വരെ കാക്കുമെന്നും പ്രതികരണമുണ്ടായില്ലെങ്കില്‍ ഇവിടങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും ഇടതു മുന്നണി ചെയര്‍മാര്‍ ബിമന്‍ ബോസ് വ്യക്തമാക്കി. സംസ്ഥാനത്ത് തൃണമൂലിനും ബി ജെ പിക്കുമെതിരായ വോട്ടുകള്‍ ഏകീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകത കോണ്‍ഗ്രസ് തിരിച്ചറിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിമന്‍ ബോസ് പറഞ്ഞു.

സി പി എമ്മിന്റെ രണ്ട് സിറ്റിംഗ് സീറ്റുകളില്‍ ഉള്‍പ്പടെ 11 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.