ആലത്തൂർ പിടിക്കാൻ യുവരക്തം

ആലത്തൂർ
Posted on: March 19, 2019 4:32 pm | Last updated: March 19, 2019 at 4:32 pm
രമ്യ ഹരിദാസ്

തൃശൂർ: ഇടതുമുന്നണി ഹാട്രിക് വിജയം പ്രതീക്ഷിക്കുന്ന ആലത്തൂരിൽ രാഹുൽ ഗാന്ധിയുടെ സേനയിലെ യുവ വനിതാ രക്തത്തിനെയാണ് കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രമ്യ ഹരിദാസ്(32) ആണ് സ്ഥാനാർഥി.

കോഴിക്കോട് കുറ്റിക്കാട്ടൂർ ഹരിദാസിന്റേയും മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാധയുടേയും മകളാണ് രമ്യ. മാവൂർ ഹൈസ്‌കൂളിൽ നിന്ന് എസ് എസ് എൽ സി കഴിഞ്ഞ് നൃത്തവും സംഗീതവും പഠിച്ചു. നൃത്താധ്യാപികയുമായി.
കെ എസ് യു പെരുവയൽ മണ്ഡലം സെക്രട്ടറി, യൂത്ത് കോൺഗ്രസ് പെരുവയൽ മണ്ഡലം സെക്രട്ടറി, കുന്ദമംഗലം നിയോജമണ്ഡലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കോ ഓർഡിനേറ്ററും സംസ്‌കാര സാഹിതി വൈസ് ചെയർപേഴ്സണും ജവഹർ ബാലജനവേദി ജില്ലാ കോ ഓർഡിനേറ്ററുമാണ്.

പ്രമുഖ ഗാന്ധിയൻ സംഘടനയായ സർവോദയ മണ്ഡലം പ്രവർത്തക, പി എൻ പണിക്കർ രൂപവത്കരിച്ച കാൻഫെഡ് ഭാരവാഹി, ഗ്രാമപുനർനിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന കേരള ഗ്രാമനിർമാണ സമിതിയുടേയും സവാർഡ് എന്ന സാമൂഹിക സേവന സംഘടനയുടെയും പ്രവർത്തകയുമാണ്. അഖിലേന്ത്യാ സർവാസേവാ സംഘത്തിലുടെ ഇന്ത്യയിലെ വിവിധ ഗാന്ധിയൻ സ്ഥാപനങ്ങൾ സന്ദർശിച്ചു.

ഏകതാ പരിഷത്തിലൂടെ ഇന്ത്യയിലെ ആദിവാസി ദളിത് സമൂഹങ്ങളുടെ ഭൂസമരങ്ങളിൽ പങ്കെടുത്തു. ഏകതാ പരിഷത് കേരളത്തിലെ സുനാമി മേഖലകളിൽ കുട്ടി കൂട്ടം പദ്ധതിയുടെ ചുമതലക്കാരിയായിരുന്നു. 2012 ൽ ജപ്പാനിൽ നടന്ന ലോക യുവജന സമ്മേളനത്തില്‍ പങ്കെടുത്തു. അവിവാഹിതയാണ്.