വിദ്യാർഥികൾക്ക് തിരിച്ചടി; എൻജിനീയറിംഗ് എൻട്രൻസ്, ഐ ഐ ടി, ഫാർമസി പരീക്ഷകൾ ഒരേ ദിവസം

Posted on: March 19, 2019 11:31 am | Last updated: March 19, 2019 at 11:31 am

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് തീയതി മാറ്റിയ സംസ്ഥാന എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷയും ഫാർമസി, ഹൈദരാബാദ് ഐ ഐ ടി പരീക്ഷകളും ഒരേ ദിവസം വരുന്നത് വിദ്യാർഥികൾക്ക് തിരിച്ചടിയാകും. നേരത്തെ ഏപ്രിൽ 23ന് പ്രഖ്യാപിച്ചിരുന്ന എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷ പിന്നീട് 27, 28 ലേക്ക് മാറ്റി നിശ്ചയിക്കുകയായിരുന്നു.

എന്നാൽ ഇതേ തീയതികളിലാണ് നേരത്തെ ഹൈദരാബാദ് ഐ ഐ ടി, ഫാർമസി പരീക്ഷകൾ നിശ്ചയിച്ചിരുന്നത്. ഏപ്രിൽ 28 നാണ് ഹൈദരാബാദ് ഐ ഐ ടി യിലെ ബി ടെക് ആൻഡ് എം എസ് കോഴ്‌സിലെ പ്രവേശനത്തിനുള്ള അണ്ടർ ഗ്രാജുവേറ്റ് എൻജിനീയറിംഗ് പരീക്ഷ (യു ജി ഇ ഇ) നടക്കുന്നത്. ഓൺലൈനായാണ് പരീക്ഷ. നിലവിൽ കേരളത്തിൽ നിന്ന് നിരവധി വിദ്യാർഥികൾ യു ജി ഇ ഇ പരീക്ഷക്ക് അപേക്ഷിച്ചിട്ടുണ്ട്. സംസ്ഥാന പ്രവേശന പരീക്ഷ മാറ്റിയില്ലെങ്കിൽ പല വിദ്യാർഥികൾക്കും അവസരം നഷ്ടമാകുമെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സൗകര്യപ്രദമായ തീയതി എന്ന നിലയിലാണ് എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷകൾ 27,28 തീയതികളിൽ പുതുക്കി നിശ്ചയിച്ചതെന്നും പരീക്ഷ മാറ്റുന്നത് സംബന്ധിച്ച് സർക്കാർ നിർദേശം ലഭിച്ചിട്ടില്ലെന്നും പ്രവേശന പരീക്ഷാ കമ്മീഷണർ എ ഗീത പറഞ്ഞു. 1,42,921 വിദ്യാർഥികളാണ് ഈ വർഷം സംസ്ഥാന പ്രവേശന പരീക്ഷക്കായി അപേക്ഷിച്ചിരിക്കുന്നത്. 1.42 ലക്ഷം അപേക്ഷകരിൽ 96,535 പേർ മെഡിക്കൽ കോഴ്സുകളിലേക്കാണ് അപേക്ഷിച്ചത്. 92,905 പേർ എൻജിനീയറിംഗിനും അപേക്ഷിച്ചിട്ടുണ്ട്.

പുതുക്കിയ ടൈംടേബിൾ അനുസരിച്ച് ഏപ്രിൽ 27ന് എൻജിനീയറിംഗ് ഒന്നാം പേപ്പറിന്റെയും 28ന് രണ്ടാം പേപ്പറിന്റെയും പരീക്ഷ നടക്കും.