ചക്ക മോഷ്ടിച്ചെന്നാരോപിച്ച് മർദനം: പോലീസ് പരാതി സ്വീകരിച്ചില്ലെന്ന്

Posted on: March 19, 2019 10:58 am | Last updated: March 19, 2019 at 10:58 am


പൊന്നാനി: ചക്ക മോഷ്ടിച്ചെന്നാരോപിച്ച് നിരപരാധിയായ അന്യസംസ്ഥാന തൊഴിലാളികളെ ക്രൂരമായി മർദിച്ച സംഭവത്തിൽ പൊന്നാനി പോലീസ് പരാതി സ്വീകരിക്കാൻ തയ്യാറായില്ല. പരാതിക്കാരെ പലകാരണങ്ങൾ പറഞ്ഞ് ഒഴിവാക്കിയ ശേഷം വേണമെങ്കിൽ മർദിച്ചവരിൽ നിന്ന് നഷ്ടപരിഹാരം വാങ്ങിച്ചുതരാം എന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്ന് മർദനമേറ്റവർ പറഞ്ഞു.

കഴിഞ്ഞ ദിവസം തട്ടാൻപടിയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ബംഗാൾ സ്വദേശികളായ അലി ഇംറാൻ (25), റംസാൻ (24) എന്നിവരെയാണ് നാട്ടുകാർ മർദിച്ചത്. ഇവർ ഡ്രൈവറുമൊന്നിച്ച് ചക്ക ശേഖരിക്കാൻ എത്തിയതായിരുന്നു. ഇതിനിടയിൽ തട്ടാൻപടിയിൽ എത്തിയപ്പോഴാണ് ചക്ക മോഷ്ടിക്കാൻ എത്തിയവരാണെന്ന് പറഞ്ഞ് ഒരുകൂട്ടം ആളുകൾ ക്രൂരമായി മർദിച്ചത്.

വില കൊടുത്ത് വാങ്ങുന്ന ചക്ക പെരുമ്പാവൂരിലെത്തിച്ച് അവിടെ നിന്ന് യു പിയിലെക്ക് കയറ്റുമതി ചെയ്യുകയാണ് ഇവർ. ഡ്രൈവർ ഫിറോസ് പെരുമ്പാവൂർ സ്വദേശിയാണ്. ഇയാളെയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു. പരുക്കേറ്റ രണ്ടുപേരും പൊന്നാനി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ഒരാളുടെ കണ്ണിന് മർദനത്തിൽ സാരമായ പരുക്കേറ്റിട്ടുണ്ട്. ഇവരുടെ ബന്ധുക്കൾ പെരുമ്പാവൂരിൽ നിന്നുമെത്തി പരാതി നൽകാൻ പൊന്നാനി സ്റ്റേഷനിലെത്തിയപ്പോഴാണ് മർദിച്ചവർക്ക് അനുകൂലമായ തരത്തിൽ പ്രതികരിച്ചത്. വാഹനം കസ്റ്റഡിയിലെടുക്കുമെന്നും ഡ്രൈവർക്കെതിരെ കേസെടുക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു.