ദമാമില്‍ നിന്നും കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സര്‍വീസ്; സഊദി എയര്‍ലൈന്‍സ് അധികൃതരുമായി ചര്‍ച്ച നടത്തി

Posted on: March 18, 2019 7:55 pm | Last updated: March 18, 2019 at 7:55 pm
ദമാം കാലിക്കറ്റ് യൂസേഴ്സ് ഫോറം ഭാരവാഹികള്‍ സഊദി എയര്‍ലൈന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സ് ചീഫ് മാനേജര്‍ ഇബ്‌റാഹീം എ അല്‍ ബാഹുസൈനോടോപ്പം

ദമാം: ദമാമില്‍ നിന്നും കോഴിക്കോട്ടേക്ക് സഊദി എയര്‍ലൈന്‍സിന്റെ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യവുമായി ദമാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേഴ്സ് ഫോറം ഭാരവാഹികള്‍ സഊദി എയര്‍ലൈന്‍സ് അധിക്യതരുമായി ചര്‍ച്ച നടത്തി.

യൂസേഴ്സ് ഫോറം ജനറല്‍ കണ്‍വീനര്‍ ടി പി എം ഫസല്‍, ഭാരവാഹികളായ സി അബ്ദുല്‍ ഹമീദ്, ഫിറോസ് കോഴിക്കോട് തുടങ്ങിവരാണ് സഊദി എയര്‍ലൈന്‍സ് ദമാം ഹെഡ്ക്വാര്‍ട്ടേഴ്സ് ചീഫ് മാനേജര്‍ ഇബ്‌റാഹീം എ അല്‍ ബാഹുസൈനുമായി കൂടിക്കാഴ്ച നടത്തിയത്. ദമാമില്‍ നിന്നുള്ള നേരിട്ടുള്ള വിമാന സര്‍വീസോ അല്ലങ്കില്‍ സ്റ്റോപ്പ് ഓവറുകളുള്ള സര്‍വീസോ ആരംഭിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

സഊദിയുടെ കിഴക്കന്‍ മേഖലകളില്‍ ജോലി ചെയ്യുന്ന വിദേശ മലയാളികളില്‍ ഭൂരിഭാഗവും മലബാര്‍ പ്രദേശത്ത് നിന്നുള്ളവരാണ്. മലബാറില്‍ നിന്നുള്ള യാത്രക്കാര്‍ ആശ്രയിക്കുന്ന കോഴിക്കോട്ടേക്കുള്ള സഊദി എയര്‍ലൈന്‍സിന്റെ നേരിട്ടുള്ള വിമാന സര്‍വീസ് യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുമെന്ന് യൂസേഴ്സ് ഫോറം പ്രതിനിധികള്‍ കൂടിക്കാഴ്ചയില്‍ ബോധിപ്പിച്ചു.

സീസണ്‍ കാലങ്ങളില്‍ നിരവധി കുടുംബങ്ങളടക്കം ആശ്രയിക്കുന്ന ദമാം-കോഴിക്കോട് സെക്ടറില്‍ നിലവിലുള്ള സര്‍വീസുകള്‍ പരിമിതമാണെന്നും ആഴ്ചയില്‍ രണ്ട് ദിവസം സര്‍വീസ് ക്രമീകരിക്കുന്നത് ഈ മേഖലയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഗുണപരമാവുമെന്നും പ്രതിനിധികള്‍ പറഞ്ഞു.

നേരത്തെ ദമാമില്‍ നിന്നും നേരിട്ട് കോഴിക്കോട്ടേക്ക് സഊദി എയര്‍ലൈന്‍സിന്റെ വിമാന സര്‍വീസ് ഉണ്ടായിരുന്നു. കാഴിക്കോട് വിമാനത്താവളത്തില്‍ റീ കാര്‍പറ്റിംഗ് ജോലികള്‍ മൂലം വിമാനത്താവളം താത്കാലികമായി അടച്ചിട്ടപ്പോള്‍ മാത്രമാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. കൂടാതെ ജെറ്റ് എയര്‍വെയ്സിന്റെ നേരിട്ടുള്ള സര്‍വീസ് നിര്‍ത്തിവെച്ചതും കേരളത്തിലേക്കുള്ള യാത്ര ദുരിതപൂര്‍ണമാക്കിയി ട്ടുണ്ടെന്നും സഊദി സര്‍വീസിന് ഏറെ പ്രാധ്യാന്യമുണ്ടെന്നും നിവേദനത്തില്‍ വ്യക്തമാക്കി.

ആവശ്യം ഗൗരവമായി കാണുന്നുവെന്നും വിഷയം എയര്‍ലൈന്‍സ് അതോറിറ്റി അധിക്യതര്‍ക്ക് കൈമാറുമെന്നും ചീഫ് മാനേജര്‍ ഇബ്‌റാാഹീം എ അല്‍ ബാഹുസൈന്‍ പറഞ്ഞു.

ദമാം കാലിക്കറ്റ് യൂസേഴ്സ് ഫോറം ഭാരവാഹികള്‍ സഊദി എയര്‍ലൈന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സ് ചീഫ് മാനേജര്‍ ഇബ്‌റാഹീം എ അല്‍ ബാഹുസൈനോടോപ്പം