ഗോവ മുഖ്യമന്ത്രി സ്ഥാനത്തിനായി ഘടകകക്ഷികളും ; വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ബിജെപി

Posted on: March 18, 2019 1:29 pm | Last updated: March 18, 2019 at 8:23 pm

പനാജി: മനോഹര്‍ പരീക്കറുടെ മരണത്തോടെ ഗോവയില്‍ മുഖ്യമന്ത്രി പദത്തിനായി വടംവലി തുടങ്ങി. അതേ സമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രമോദ് സാവന്തിനാണ് സാധ്യതയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളിലും ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ തുടരുകയാണ്.

മൂന്ന് എംഎല്‍എമാരുള്ള ഘടകകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും, ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും മുഖ്യമന്ത്രി സ്ഥാനമെന്ന ആവശ്യവുമായി രംഗത്തുണ്ട്. എംഎല്‍എ സുധിന്‍ ധവാലികറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് മഹാരാഷ്ട്ര ഗോമന്ത്ക് പാര്‍ട്ടിയുടെ ആവശ്യം. എന്നാല്‍ മുഖ്യമന്ത്രി പദം കൈയൊഴിഞ്ഞുകൊണ്ടുള്ള ഒരു കളിക്ക് ബിജെ പി തയ്യാറല്ല. ഇരു പാര്‍ട്ടികളുമായും ബിജെപി ചര്‍ച്ച നടത്തിവരികയാണ്. പ്രമോദ് സാവന്തിന് പുറമെ വിശ്വജിത്ത് റാണെയുടെ പേരും ബിജെപിയില്‍നിന്നുയര്‍ന്നിട്ടുണ്ട്. നാല്‍പതംഗ ഗോവ നിയമസഭയതില്‍ ബിജെപി അംഗങ്ങളുടെ ഭൂരിപക്ഷം 13 ആയി കുറഞ്ഞുവെന്നും ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നും കാണിച്ച് കോണ്‍ഗ്രസ് ഗോവ ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. മഹരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് എന്നീ പാര്‍ട്ടികളുടെ മൂന്ന് വീതം എംഎല്‍എമാരും മൂന്ന് സ്വതന്ത്ര എംഎല്‍എ മാരും ഇപ്പോഴും ബിജെപിയെ പിന്തുണക്കുന്നുണ്ട്. നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അംഗബലം 14 ആണ്. ഇവരുടെ രണ്ട് എംഎല്‍എമാര്‍ നേരത്തെ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു.