ഇടത് സ്വതന്ത്ര പരീക്ഷണം മൂന്നാം പതിപ്പ്; “ചൂട് പിടിച്ച്’ പൊന്നാനി

മലപ്പുറം
Posted on: March 18, 2019 1:21 pm | Last updated: March 18, 2019 at 4:04 pm
എടപ്പാളില്‍ പ്രചരണം നടത്തുന്ന പി വി അൻവർ

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും പൊന്നാനി മണ്ഡലം വാർത്തകളിൽ ഇടംപിടിച്ചുകഴിഞ്ഞു. ജയം ആർക്കൊപ്പമായാലും തിരഞ്ഞെടുപ്പിനു ശേഷവും പൊന്നാനി വാർത്തകളിൽ നിറഞ്ഞുനിൽക്കുമെന്നതാണ് ഇതുവരെയുള്ള സൂചനകൾ. ഹുസൈൻ രണ്ടത്താണി, വി അബ്ദുർറഹ്മാൻ എന്നിവരിലൂടെ പി വി അൻവറിലെത്തി നിൽക്കുന്നു ഇടതുപക്ഷ സ്വതന്ത്ര പരീക്ഷണം.

പൊന്നാനി ലോക്സഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍ തവനൂരില്‍ വോട്ടഭ്യര്‍ഥിക്കാനെത്തിയപ്പോള്‍
പൊന്നാനി ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീര്‍ ശ്രീ കാടാമ്പുഴഭഗവതി ക്ഷേത്രത്തില്‍ വോട്ടഭ്യര്‍ഥിക്കാനെത്തിയപ്പോള്‍

ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ മാസങ്ങൾക്കു മുമ്പുതന്നെ ലീഗ് മണ്ഡലം കൺവെൻഷനുകൾ വിളിച്ചും മറ്റും രംഗത്തുണ്ടെങ്കിലും മൂന്നാം സീറ്റിനായുള്ള വടംവലിക്കിടയിൽ സ്ഥാനാർഥി പ്രഖ്യാപനം വൈകുകയും പ്രചാരണത്തിൽ പിന്നാക്കം പോകുകയും ചെയ്തിരിക്കുകയാണ്. എന്തൊക്കെ സംഭവിച്ചാലും ജില്ല കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിൽ തന്നെയാണ് ലീഗ് നേതാക്കളും അനുയായികളും.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ പൊന്നാനി മണ്ഡലത്തിൽ ഇ ടി മുഹമ്മദ് ബശീർ ചെയ്ത വികസന പ്രവർത്തനങ്ങൾ മുൻനിർത്തി മാത്രം ജയിച്ചുകയറാമെന്നാണ് ലീഗ് കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ. എന്നാൽ പൊന്നാനി പോലെയുള്ള ഒരു മണ്ഡലത്തിനുവേണ്ടി എസ് ഡി പി ഐയെ സഹകരിപ്പിക്കേണ്ട അവസ്ഥയിലേക്ക് ലീഗ് എത്തിയെന്നത് പാർട്ടിക്കുള്ളിലെ ആശങ്ക പുറത്തുകാട്ടുന്നതാണ്. ബനാത്ത് വാലയും ഇബ്‌റാഹീം സുലൈമാൻ സേട്ടുവും മണ്ഡലം കാണാതെ ജയിച്ചുകയറിയിടത്ത് കുറഞ്ഞുവരുന്ന ഭൂരിപക്ഷം തന്നെയാണ് ലീഗ് നേരിടുന്ന ഏറ്റവും ഭീഷണി.

പൊന്നാനി ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീര്‍ കോട്ടക്കലില്‍ വോട്ടഭ്യര്‍ഥിക്കാനെത്തിയപ്പോള്‍
പൊന്നാനി ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീര്‍ ശ്രീ കാടാമ്പുഴഭഗവതി ക്ഷേത്രത്തില്‍ വോട്ടഭ്യര്‍ഥിക്കാനെത്തിയപ്പോള്‍

മറുവശത്താകട്ടെ പി വി അൻവറിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തോടുകൂടി എൽ ഡി എഫ് വളരെയധികം ഊർജം സംഭരിക്കുന്ന കാഴ്ചയാണ് കാണുന്നത്. പ്രഖ്യാപനദിവസം തന്നെ തിരൂരിൽ റോഡ് ഷോയിലൂടെ അൻവർ ഇത് തെളിയിക്കുകയും ചെയ്തതാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിനുമുമ്പേ യൂത്ത് കോൺഗ്രസ് ഇ ടിക്കെതിരെ വെടിപൊട്ടിച്ചിരുന്നു.

എന്നാൽ നേതൃത്വം ഇടപെട്ടതോടെ പ്രസ്താവന തിരുത്തുകയായിരുന്നു. കഴിഞ്ഞദിവസം ഡി സി സി ഓഫീസിൽ യു ഡി എഫ് നേതൃത്വം കോൺഗ്രസും ലീഗും തമ്മിൽ ജില്ലയിലെ പ്രാദേശികതലത്തിലുള്ള പ്രശ്‌നങ്ങൾ പരിഹാരം കാണാനായി ഒത്തുചേർന്നിരുന്നു. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്നാണ് നേതാക്കളുടെ പക്ഷം. 2009ലും 2014ലും പാളിയ സ്വതന്ത്ര പരീക്ഷണം ഇത്തവണ വിജയം കാണുമെന്ന് തന്നെയാണ് ഇടതുപക്ഷത്തിന്റെ ഉറച്ച വിശ്വാസം.

പൊന്നാനി ലോക്സഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി
പി വി അന്‍വര്‍ താനൂരില്‍ വോട്ടഭ്യര്‍ഥിക്കാനെത്തിയപ്പോള്‍

അൻവറിന്റെ സ്ഥാനാർഥിത്വം, കോൺഗ്രസ്-ലീഗ് വടംവലി, ലീഗ്- എസ് ഡി പി ഐ ചർച്ച, നിയമസഭാ തിരഞ്ഞെടുപ്പിലെ കുറഞ്ഞ ഭൂരിപക്ഷം അങ്ങനെ നിരവധി ഘടകങ്ങൾ ഇടതുപക്ഷത്തിന്റെ പ്രതീക്ഷക്ക് അടിസ്ഥാനമാണ്. കഴിഞ്ഞതവണ 26,640 വോട്ട് നേടിയ എസ് ഡി പി ഐ, പി ഡി പി, വെൽഫെയർ പാർട്ടി എന്നിവർ ഒരു ഘടകം തന്നെയായിരിക്കും ഈ തിരഞ്ഞെടുപ്പിൽ.

പൊന്നാനി ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീര്‍ കോട്ടക്കലില്‍ വോട്ടഭ്യര്‍ഥിക്കാനെത്തിയപ്പോള്‍