മുസ്ലിം വിരുദ്ധ പരാമര്‍ശവും കൗമാരക്കാരനെതിരായ കൈയേറ്റവും : ഓസ്‌ട്രേലിയന്‍ സെനറ്റര്‍ക്കെതിരെ നടപടിയുണ്ടാകും-video

Posted on: March 18, 2019 10:03 am | Last updated: March 18, 2019 at 12:43 pm

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്‍ഡില്‍ മുസ്്‌ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തിന് പിറകെ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ഫ്രേസര്‍ ആനിങ്ങിനെതിരെ നടപടിയെടുക്കും. മാധ്യമങ്ങളോട് സംസാരിക്കവെ മുസ്്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ സെനറ്ററുടെ തലയില്‍ കൗമാരക്കാരന്‍ മുട്ട പൊട്ടിച്ചിരുന്നു. ഇതിന് പിന്നാലെ സെനറ്റര്‍ കൗമാരക്കാരനെ മര്‍ദിക്കുകയും ചെയ്തു.

ഈ സംഭവത്തിലാണ് സെനറ്റര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വ്യക്തമാക്കിയത്. ന്യൂസിലന്‍ഡിലെ വെടിവെപ്പിന് കാരണം മുസ്ലിങ്ങളുടെ കുടിയേറ്റമാണെന്നായിരുന്നു സെനറ്റര്‍ മാധ്യമങ്ങളോട് പറഞ്ഞത്. സെനറ്ററുടെ നിലപാട് പ്രധാനമന്ത്രി മോറിസണ്‍ തള്ളിയിരുന്നു. സെനറ്ററുടെ നിലപാട് നാണക്കേടാണെന്നും മോറിസണ്‍ പറഞ്ഞിരുന്നു. സെനറ്ററെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈനില്‍ ഒപ്പ് ശേഖരണം ആരംഭിച്ചിട്ടുണ്ട്.