Connect with us

International

ഇന്തോനേഷ്യയില്‍ മിന്നല്‍ പ്രളയം; 50 പേര്‍ മരിച്ചു

Published

|

Last Updated

ഇന്തോനേഷ്യയിലെ പാപ്പുവയിലെ സെന്താനി പട്ടണത്തിലുണ്ടായ മിന്നല്‍ പ്രളയം

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ പ്രവിശ്യയായ പാപ്പുവയിലെ സെന്താനി പട്ടണത്തില്‍ മിന്നല്‍ പ്രളയത്തില്‍ 50 പേര്‍ മരിക്കുകയും 59 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒമ്പതു വീടുകള്‍ വെള്ളത്തില്‍ ഒലിച്ചുപോയതായും ദുരന്തനിവാരണ വകുപ്പിന്റെ പ്രതിനിധി സുടോപോ പുര്‍വോ നുഗ്രോ വെളിപ്പെടുത്തി. 150 വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. രണ്ടു പാലത്തിനും വിമാനത്താവളത്തിലുണ്ടായിരുന്ന ഒരു ചെറുവിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചു. രക്ഷാപ്രവര്‍ത്തകര്‍ മേഖലയില്‍ വിപുലമായ തിരച്ചില്‍ നടത്തിവരികയാണ്.

മറ്റൊരു സംഭവത്തില്‍ പ്രവിശ്യാ തലസ്ഥാനമായ ജയപുരയിലുണ്ടായ മണ്ണിടിച്ചിലില്‍ ഏഴുപേര്‍ മരിക്കുകയും രണ്ടു വീടുകള്‍ തകരുകയും ചെയ്തു. ശനിയാഴ്ച പെയ്ത പേമാരിയാണ് മണ്ണിടിച്ചിലിനും കാരണമായതെന്ന് പാപ്പുവ മേഖലാ പോലീസ് വക്താവ് അഹമ്മദ് മുസ്തഫ കമാല്‍ പറഞ്ഞു.

കൃഷി സ്ഥലമാക്കി മാറ്റുന്നതിനു വേണ്ടി സെന്താനി പട്ടണത്തിന് സമീപത്തെ കുന്നുകളിലുള്ള മരങ്ങള്‍ വ്യാപകമായി വെട്ടിയതാണ് പ്രളയത്തിന് ഇടയാക്കിയതെന്ന് മറ്റൊരു പോലീസ് വക്താവ് സൂര്യദി ദിയാസ് പറഞ്ഞു. തടഞ്ഞുനിര്‍ത്താന്‍ മരങ്ങളോ ചെടികളോ ഇല്ലാത്തതിനാല്‍ വെള്ളം കുത്തിയൊഴുകി ചെറിയ നദികളും മറ്റും കരകവിയുകയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

Latest