Connect with us

Editorial

ന്യൂസിലാന്‍ഡിൽ നടന്നത്

Published

|

Last Updated

അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു സമാനം ലോകത്തെ ഒന്നടങ്കം നടുക്കിയ സംഭവമാണ് വെള്ളിയാഴ്ച ന്യൂസിലാന്‍ഡില്‍ നടന്ന ഭീകരാക്രമണം. ന്യൂസിലാന്‍ഡ് തലസ്ഥാനമായ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ മസ്ജിദിലും നഗരപ്രാന്തത്തിലെ ലിന്‍വുഡ് എന്ന പ്രദേശത്തെ പള്ളിയിലുമായി നടന്ന മുസ്‌ലിംവിരുദ്ധ വലതുപക്ഷ ഭീകരാക്രമണത്തില്‍ പള്ളിയില്‍ നിസ്‌കാരത്തിനെത്തിയ 49 പേരാണ് മരണപ്പെട്ടത്. ഇവരില്‍ മലയാളിയായ കൊല്ലം സ്വദേശിനി അൻസിയും ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയും ഉള്‍പ്പെടുന്നു. മറ്റു രണ്ട്‌ ഇന്ത്യക്കാര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ആറ്‌ ഇന്ത്യക്കാരെ കാണാനില്ലെന്നും പറയപ്പെടുന്നു. പള്ളിയുടെ പിന്‍വശത്ത് നിന്ന്‌ സൈനിക വേഷത്തില്‍ കടന്നുവന്ന തോക്കുധാരിയായ ഭീകരന്‍ പ്രാര്‍ഥനയില്‍ മുഴുകിയ വിശ്വാസികള്‍ക്കു നേരെ 15 മിനുട്ട് തുടര്‍ച്ചയായി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. തോക്കില്‍ ‘വെല്‍കം ടു ഹെല്‍”(നരകത്തിലേക്ക് സ്വാഗതം) എന്ന് വെളുത്ത മഷി കൊണ്ട് എഴുതിയിരുന്നു.

ആസ്‌ത്രേലിയന്‍ പൗരത്വമുള്ള ബ്രണ്ടന്‍ ഹാരിസണ്‍ ടാറന്റ്‌എന്ന തീവ്ര വലതുപക്ഷ ‘ഭീകര”നാണ് കൊലയാളി.
കൂട്ടക്കൊല നടത്തിയതിനു പുറമെ അക്രമി തന്റെ ചെയ്തികള്‍ തുടക്കം മുതല്‍ ഒടുക്കം വരെ സാമൂഹിക മാധ്യമങ്ങളിലൂടെ ലൈവായി പ്രചരിപ്പിക്കുകയുമുണ്ടായി. തൊപ്പിയില്‍ ഗോപ്രോ ക്യാമറ സ്ഥാപിച്ചാണ് ഇയാള്‍ വെടിവെപ്പ് നടത്തിയത്. കാറില്‍ തോക്കുകളും വെടിയുണ്ടകളുമായി പള്ളിയിലേക്ക് എത്തുന്നതു മുതല്‍ ഇയാള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. നിരവധി തോക്കുകളും വെടിയുണ്ടകളും കാറിനുള്ളില്‍ കരുതിയിരുന്നു. മൃതശരീരങ്ങള്‍ ചിതറിക്കിടക്കുന്നത് വീഡിയോയില്‍ കാണാം. പള്ളിയുടെ ഓരോ മുറിയിലും കടന്നെത്തി അക്രമി വെടിയുതിര്‍ക്കുന്നുണ്ട്. തോക്കിലെ വെടിയുണ്ട തീര്‍ന്നപ്പോള്‍ പള്ളിക്കു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനടുത്തെത്തി മറ്റൊരു തോക്കെടുത്ത്‌ വഴിയില്‍ കണ്ടവരെയും വെടിവെച്ചു. ശേഷം പള്ളിക്കുള്ളിലെത്തിയ അയാള്‍ വീണു കിടന്നവരെ വീണ്ടും വെടിവെക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. തുടര്‍ന്നു വെളിയില്‍ എത്തി വഴിയില്‍ കണ്ട ഒരു പെണ്‍കുട്ടിയെ വെടിവെച്ചു വീഴ്ത്തുകയും ആ പെണ്‍കുട്ടിയുടെ ശരീരത്തിലൂടെ കാര്‍ ഓടിച്ചുപോകുകയും ചെയ്‌തു ഈ മനുഷ്യപ്പിശാച്.

കടുത്ത മുസ്‌ലിംവിരുദ്ധ വലതുപക്ഷ തീവ്രതയാണ് വെടിവെപ്പിന് പിന്നിലെ വികാരമെന്നാണ് വിലയിരുത്തപ്പെടുന്നത്. അക്രമിയുടെ സാമൂഹിക മാധ്യമങ്ങളിലെ കുറിപ്പുകള്‍ ഇതിലേക്കുള്ള വ്യക്തമായ സൂചനയാണ്. വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തും വെള്ളക്കാരല്ലാത്തവര്‍ രാജ്യത്തേക്ക്‌ കുടിയേറുന്നതിനെതിരെ അമര്‍ഷം വ്യക്തമാക്കുന്നതുമായ കുറിപ്പുകളും പോസ്റ്റുകളുമാണ് അയാളുടെ സാമൂഹിക മാധ്യമ അക്കൗണ്ടിലുള്ളത്. ഇസ്‌ലാമിക് സ്റ്റേറ്റ്, അല്‍ഖാഇദ ഭീകര സംഘടനകളുടെ വാദങ്ങളുടെയും വിശദീകരണങ്ങളുടെയും ശൈലിയെ ഓര്‍മിപ്പിക്കുന്നവയാണ് ഇവയെല്ലാം. മുസ്‌ലിം കുടിയേറ്റക്കാരെയും വിഭാഗങ്ങളെയും അപകടകാരികളായി ചിത്രീകരിക്കുന്ന നവനാസികളും ഫാഷിസ്റ്റുകളും നവയാഥാസ്ഥിതികരും അമേരിക്കയിലും യൂറോപ്പിലും പ്രബലസാന്നിധ്യമായി മാറിയിരിക്കയാണ് ഇപ്പോള്‍. ഇസ്‌ലാം വിരുദ്ധത പ്രചരിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഫൗണ്ടേഷനുകളുടെ ശൃംഖലകള്‍ തന്നെ പടിഞ്ഞാറ് കേന്ദ്രീകരിച്ചു സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയും മുന്നേറ്റവും ആശങ്കയിലാക്കിയതിനെ തുടര്‍ന്ന്‌ മധ്യനൂറ്റാണ്ടില്‍ ക്രിസ്ത്യന്‍ പാതിരിമാരുടെ മേല്‍കയ്യാല്‍ ഉടലെടുത്ത ഓറിയന്റലിസത്തിന്റെ മാതൃക പിന്തുടര്‍ന്നാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇസ്‌ലാം ഇതര ജനതക്കു മേലുള്ള ആധിപത്യത്തിനായി ശ്രമിക്കുന്ന ഭീകര രാഷ്ട്രീയ ദര്‍ശനമാണെന്നും ബലപ്രയോഗം അതിന്റെ സ്വാഭാവിക രീതിയാണെന്നുമാണ് ഇവരുടെ പ്രചാരണം. ലോക മുസ്‌ലിംകള്‍ മുഴുക്കെ അപകടകാരികളും അക്രമികളും ഭീകരരുമാണെന്ന് പ്രചാരണം നടത്താന്‍ ശക്തമായ സൈബര്‍ സെല്‍ തന്നെ ഇവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്ക, ഇസ്‌റാഈല്‍ തുടങ്ങിയ ഇസ്‌ലാമിക വിരുദ്ധ ഭരണകൂടങ്ങള്‍ ഇവര്‍ക്ക് എല്ലാവിധ ഒത്താശകളും സാമ്പത്തിക സഹായവും നല്‍കി വരുന്നു. ഇന്ത്യ, യു കെ തുടങ്ങിയ രാജ്യങ്ങളിലും ശക്തമാണ് മുസ്‌ലിം കുടിയേറ്റ വിരുദ്ധ വികാരം. ഇസ്‌ലാമിനു നേരെയുള്ള ഈ വംശീയ വെറിയന്മാരുടെ കടന്നു കയറ്റമാണ് മുസ്‌ലിം തീവ്രവാദ സംഘടനകളുടെ പിറവിക്കു കാരണം.

തീവ്രവാദ, ഭീകര പ്രവര്‍ത്തനങ്ങള്‍ ഇന്നൊരു പുതുമയല്ല. എന്നാല്‍ ന്യൂസിലാന്‍ഡും ഇപ്പോള്‍ അതിനു വേദിയായി. ആ രാജ്യവും ആഗോള സമൂഹവും കൂടുതല്‍ അസ്വസ്ഥമാണ്. ലോക രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ സമാധാനം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ മുന്‍നിരയിലാണ് ന്യൂസിലാന്‍ഡിന്റെ സ്ഥാനം. ആസ്‌ത്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസ്” തയാറാക്കിയ ‘ആഗോള സമാധാന സൂചിക”യില്‍ രണ്ടാം സ്ഥാനത്താണ് ന്യൂസിലാന്‍ഡ്്. രാജ്യത്ത് മുസ്‌ലിംകള്‍ ന്യൂനപക്ഷമാണെങ്കിലും സുരക്ഷിതരാണ്. സമാധാനമാഗ്രഹിക്കുന്നവര്‍ അഭയ കേന്ദ്രങ്ങളായി കണ്ടുവരുന്ന ഇത്തരം ഇടങ്ങളിലും ഭീകരവാദത്തിന്റെ അലകള്‍ ചെന്നെത്തിയത് ലോകത്തെ അമ്പരിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ കറുത്ത ദിനങ്ങളിലൊന്നാണ് ഈ വെള്ളിയാഴ്ചയെന്നാണ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ പ്രതികരിച്ചത്. ഭീകര താണ്ഡവത്തെ തുടര്‍ന്നു ന്യൂസിലാന്‍ഡിലെ പള്ളികളും ഇസ്‌ലാമിക സ്ഥാപനങ്ങളും അടച്ചു പൂട്ടാന്‍ ഭരണകൂടം ഉത്തരവ് നല്‍കിയതായും ഇസ്‌ലാമിക പ്രാര്‍ഥനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇത് ശരിയല്ലെന്നും സുരക്ഷയുടെ ഭാഗമായി ചില താത്കാലിക നടപടികള്‍ മാത്രമാണ് ഭരണകൂടം ഏര്‍പ്പെടുത്തിയതെന്നും അവിടെ ജോലി ചെയ്യുന്ന മലയാളികള്‍ വ്യക്തമാക്കുന്നു.സര്‍ക്കാറില്‍ നിന്നുംഉദ്യോഗസ്ഥരില്‍ നിന്നും മുസ്‌ലിംകള്‍ക്ക് പൂര്‍ണ പിന്തുണ ലഭിക്കുന്നതായും ഭരണകൂട സമീപനത്തില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും അവര്‍ അറിയിച്ചു.

Latest