പരീക്കറുടെ ആരോഗ്യനില മോശമായി തുടരുന്നു; പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബി ജെ പി നീക്കം

Posted on: March 17, 2019 11:22 am | Last updated: March 17, 2019 at 3:17 pm

 

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില മോശമായ സാഹചര്യത്തില്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബി ജെ പി നീക്കമാരംഭിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച വെകീട്ട് എം എല്‍ എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് വീണ്ടും കത്ത് നല്‍കിയ പശ്ചാത്തലത്തിലാണ് ബി ജെ പി നീക്കം. മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി ഉള്‍പ്പടെയുള്ള സഖ്യ കക്ഷികളുമായും ബി ജെ പി ചര്‍ച്ച നടത്തും.

മാപ്‌സ മണ്ഡലം എം എല്‍ എ. ഫ്രാന്‍സിസ് ഡിസൂസ മരിച്ചതോടെ നിലവില്‍ നിയമസഭയില്‍ ബി ജെ പിയുടെ അംഗസംഖ്യ 13 ആയി ചുരുങ്ങിയിട്ടുണ്ട്. 40 അംഗ നിയമ സഭയില്‍ കോണ്‍ഗ്രസിന് 14 സീറ്റുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് നേരത്തെയും രംഗത്തെത്തിയിരുന്നു.