പൊന്നാനിയിൽ സ്ഥാനാർഥികൾ തിരക്കിലേക്ക്

Posted on: March 17, 2019 11:26 am | Last updated: March 17, 2019 at 11:26 am
പിവി അന്‍വര്‍ തൃത്താലയിലെ പര്യടനത്തില്‍ വോട്ടഭ്യര്‍ഥിക്കുന്നു

തിരൂർ: പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനായി താഴെത്തട്ടിലെ കാര്യങ്ങൾ അന്വേഷിച്ചും കൺവെൻഷനുകളിൽ ഓടിയെത്തിയും സ്ഥാനാർഥികൾ കൂടുതൽ തിരക്കിലേക്ക്. പൊന്നാനി ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി ഇ ടി മുഹമ്മദ് ബശീറും എൽ ഡി എഫ് സ്ഥാനാർഥി പി വി അൻവറും വീറും വാശിയോടെയും തന്നെയാണ് ഓരോ ദിനവും തള്ളിനീക്കുന്നത്. വിവാദ വിഷയങ്ങളും പഴയകാല സംഭവവികാസങ്ങളും എടുത്തിട്ട് സാമൂഹിക മാധ്യമങ്ങളിലും ചർച്ചയാക്കുന്നു.

പൊന്നാനിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇ ടി മുഹമ്മദ് ബഷീര്‍

തവനൂർ നിയോജക മണ്ഡലത്തിലെ പഴയ സൗഹൃദങ്ങൾ പുതുക്കിയും സ്‌കൂളുകളിലെത്തി കുട്ടികളെ കണ്ടുമാണ് ഇന്നലെ ഇ ടി മുഹമ്മദ് ബശീർ പര്യടനത്തിന് തുടക്കമിട്ടത്. തൃപ്രങ്ങോട് പഞ്ചായത്തിലെ രോഗം കാരണം വിശ്രമിക്കുന്നവരെയും ഇ ടി സന്ദർശിച്ചു. കൺവെൻഷനുകളിൽ സജീവമായി ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രസക്തിയും നിലപാടും വ്യക്തമാക്കുകയായിരുന്നു ഇന്നലെ എൽ ഡി എഫ് സ്ഥാനാർഥി അൻവർ. താനൂർ, തിരൂർ എന്നിവിടങ്ങളിലെ കൺവെൻഷനിൽ നിരവധി പ്രവർത്തകരാണ് പങ്കെടുത്തത്്.
ലീഗിന്റെ എസ് ഡി പി ഐ നേതാക്കളുമായുള്ള ചർച്ചയെ ചൊല്ലിയുള്ള വിവാദമാണ് മിക്കയിടത്തും മുഴച്ചുനിന്നത്. താനൂർ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത്് മേഖലാ തല കൺവെൻഷനുകൾ ഇന്നാണ് നടക്കുക.