എ എ പി- കോൺഗ്രസ് സഖ്യ ചർച്ച വീണ്ടും സജീവം

Posted on: March 15, 2019 12:32 pm | Last updated: March 15, 2019 at 12:32 pm


ന്യൂഡൽഹി: ഡൽഹിയിൽ എ എ പിയുമായി സഖ്യമില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചെങ്കിലും ചർച്ചകൾ വീണ്ടും സജീവമാകുന്നു. സംസ്ഥാനത്ത് ബി ജെ പിക്കെതിരെ എ എ പിയുമായി സഖ്യം വേണമെന്ന് കോൺഗ്രസിന്റെ താഴേത്തട്ടിൽ നിന്ന് ആവശ്യം ഉയർന്നിരിക്കുകയാണ്. ശക്തി ആപ്പ് വഴി പാർട്ടി പ്രവർത്തകരുടെ അഭിപ്രായം കോൺഗ്രസ് തേടിയിരുന്നു. എ ഐ സി സി നേതാവ് പി സി ചാക്കോയാണ് പാർട്ടി പ്രവർത്തകരോട് ശബ്ദ സന്ദേശത്തിലൂടെ എ എ പിയുമായുള്ള സഖ്യം സംബന്ധിച്ച അഭിപ്രായം തേടിയത്. എ എ പിയുമായി സഖ്യം സംബന്ധിച്ച കാര്യം വളരെ വേഗത്തിൽ അന്തിമമാകുമെന്നാണ് കരുതുന്നത്.
ന്യൂഡൽഹി, ചാന്ദ്നി ചൗക്ക്, നോർത്ത്- ഈസ്റ്റ് ഡൽഹി സീറ്റുകൾ വിട്ടുതരാൻ എ എ പി തയ്യാറായാൽ സഖ്യത്തിനൊരുക്കമാണെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പ്രതികരിക്കുന്നത്. നേരത്തെ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ഷീലാ ദീക്ഷിത് ഏഴ് സീറ്റിലും പാർട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധിയുടെ നിലപാട് എ എ പിയുമായി സഖ്യം ആവാമെന്നായിരുന്നെങ്കിലും സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ തടസ്സം നിന്നതോടെ അതിൽ നിന്ന് പിന്നാക്കം പോകുകയായിരുന്നു. ഇതോടെ, എല്ലാ സീറ്റിലും പാർട്ടി മത്സരിക്കുമെന്ന് രാഹുൽ പ്രഖ്യാപിക്കുകയും ചെയ്തു. ഈ നിലപാടിൽ വീണ്ടും മാറ്റമുണ്ടായേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
മൂന്ന് സീറ്റുകൾ വീതം കോൺഗ്രസും എ എ പിയും മത്സരിക്കുകയും ഒരു സീറ്റിൽ പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തുകയുമെന്ന ഫോർമുലയാണ് എ എ പി മുന്നോട്ടുവെച്ചിട്ടുള്ളത്.