ന്യൂസ്‌ലന്‍ഡില്‍ പള്ളികളിലെ വെടിവെപ്പില്‍ മരണം 49ആയി; അക്രമി ഓസ്‌ട്രേലിയന്‍ പൗരന്‍

Posted on: March 15, 2019 12:44 pm | Last updated: March 15, 2019 at 3:38 pm
ന്യൂസിലന്‍ഡ് നഗരമായ ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലിം പള്ളികളിലുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നു

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്‍ഡ് നഗരമായ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 49ആയി. സംഭവത്തില്‍ 50ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടേയും നില ഗുരുതരമാണെന്ന് വാര്ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബ്രണ്ടന്‍ ടാറന്റ്(28)

അതേ സമയം അക്രമി ഓസ്‌ട്രേലിയന്‍ പൗരനായ ബ്രണ്ടന്‍ ടാറന്റ്(28)ആണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇയാളുടെ അതിതീവ്ര നിലപാടുകള്‍ വ്യക്തമാക്കുന്ന 73 പേജുള്ള കുറിപ്പും പുറത്തുവന്നിട്ടുണ്ട്.

സംഭവസ്ഥലത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍

സംഭവത്തില്‍ ഒരു സ്ത്രീയടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഹെഗ്ലി പാര്‍ക്കിന് സമീപത്തെ അല്‍ നൂര്‍ പള്ളിയിലാണ് ആദ്യം വെടിവെപ്പുണ്ടായത്. ഇതിന് തൊട്ടുപിറകെ ലിന്‍ഡുവിലെ പള്ളിക്ക് നേരെയും ആക്രമണമുണ്ടായി. വെള്ളിയാഴ്ച നിസ്‌കാരത്തിനെത്തിയവരാണ് ആക്രമിക്കപ്പെട്ടത്. സൈനിക വേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിള്‍ ഉപയോഗിച്ച് വെടിവെക്കുന്നത് സമൂഹമാധ്യമത്തില്‍ ലൈവിടുകയും ചെയ്തിരുന്നു. അക്രമത്തിന് ശേഷം ഇയാള്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു.