Connect with us

Eranakulam

ഒരു മുഴം മുമ്പെറിഞ്ഞ് തോമസ് മാഷ്

Published

|

Last Updated

സിറ്റിംഗ് എം പി. കെ വി തോമസിന് വേണ്ടി എറണാകുളത്ത്
പ്രത്യക്ഷപ്പെട്ട ചുവരെഴുത്ത്

കൊച്ചി: കോൺഗ്രസ് സ്ഥാനാർഥി കാര്യത്തിൽ സ്‌ക്രീനിംഗ് കമ്മിറ്റിയിലും അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെങ്കിലും എറണാകുളത്ത് സിറ്റിംഗ് എം പി. കെ വി തോമസിന് വേണ്ടിയുള്ള പ്രചാരണം തുടരുന്നു. പാർട്ടി തീരുമാനം വരുന്നതിന് മുന്പ് തന്റെ പേരിൽ പ്രചാരണം തുടങ്ങിയത് ശരിയായ നടപടിയല്ലെന്ന് കെ വി തോമസ് തന്നെ പറയുന്നുണ്ടെങ്കിലും അതിപ്പോഴും തടസ്സമില്ലാതെ തുടരുകയാണ്.

ജന്മനാടായ കുമ്പളങ്ങിയിൽ തോമസിന്റെ ചിത്രമടങ്ങിയ ഫ്‌ളക്‌സ്‌ ബോർഡുകൾ അണിനിരത്തിയുള്ള പ്രകടനമാണ് ആദ്യം നടന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കെ വി തോമസ് സ്ഥാനാർഥിയാണെന്ന് പ്രഖ്യാപിച്ച് വലിയ കട്ടൗട്ടുകളും ഫ്‌ളക്‌സുകളും ഉയർന്നു.

“തോമസ് മാഷ് ജനങ്ങൾക്കൊപ്പം” എന്ന പേരിൽ പലയിടത്തും കൂറ്റൻ കട്ടൗട്ടുകളും നിവർന്നിട്ടുണ്ട്. തോമസ് നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ ലഘു വിവരണങ്ങളാണ് ബോഡുകളിൽ. കെ വി തോമസിന് വോട്ട് അഭ്യർഥിച്ച് ചുവരെഴുത്തും വ്യാപകമാണ്.

കഴിഞ്ഞ ദിവസം യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഓഫീസ് കെ വി തോമസ് ഉദ്ഘാടനം ചെയ്തിരുന്നു. എറണാകുളത്തെ സ്ഥാനാർഥിയെ സംബന്ധിച്ച് ജില്ല- സംസ്ഥാന നേതൃത്വങ്ങളുടെ പരിഗണനയിൽ തുടക്കത്തിൽ കെ വി തോമസിന്റെ പേര് മാത്രമാണുണ്ടായിരുന്നത്. ഇക്കാര്യം കെ വി തോമസ് നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാൽ, എതിർ സ്ഥാനാർഥിയായി സി പി എമ്മിലെ പി രാജീവ് രംഗത്തെത്തിയതോടെ കോൺഗ്രസിനുള്ളിൽ തോമസിന്റെ സ്ഥാനാർഥിത്വത്തെ കുറിച്ച് അഭിപ്രായ വ്യത്യാസം ഉടലെടുത്തു. രാജീവിനെ നേരിടാൻ യുവനേതാക്കളാരെങ്കിലും വരണമെന്ന ആവശ്യമായിരുന്നു അത്. അങ്ങനെയാണ് എറണാകുളം എം എൽ എ ഹൈബി ഈഡന്റെ പേര് ചർച്ചയായത്. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മത്സരിക്കാമെന്ന് ഹൈബി നേരത്തേ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെ എറണാകുളത്തെ സ്ഥാനാർഥി സംബന്ധിച്ച കാര്യത്തിൽ അവ്യക്തതയായി. തീരുമാനം രാഹുൽ ഗാന്ധിക്ക് വിടുകയും ചെയ്തു.

ഇതിനിടയിൽ കെ വി തോമസിന് വേണ്ടി പ്രചാരണം ശക്തിപ്പെട്ടത് സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ച് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.