കോണ്‍ഗ്രസ് നേതാവിന് നേരെ കൈയേറ്റ ശ്രമം: യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Posted on: March 15, 2019 11:45 am | Last updated: March 15, 2019 at 11:45 am

തിരൂരങ്ങാടി: കെ പി സി സി അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജിയെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ തിരൂരങ്ങാടി പോലീസ് കേസെടുത്തു. വെന്നിയൂരിലെ കണ്ടാലറിയാവുന്ന ഏതാനും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.

കഴിഞ്ഞ ചൊവ്വാഴ്ച വെന്നിയൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് തിരിച്ചുവരുമ്പോഴാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരെന്ന് പരിചയപ്പെടുത്തിയ ഏതാനും പേര്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ കാറിന് മുന്നില്‍ ഓട്ടോറിക്ഷ വിലങ്ങിട്ട് അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തത്.
വളാഞ്ചേരിയില്‍ നിന്ന് തിരിച്ചു വരുന്ന വഴിയില്‍ വഖഫ് ബോര്‍ഡിലെ ഒരു കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ് സുഹൃത്തിന്റെ വീട്ടില്‍ കയറിയത്. എന്നാല്‍ അതുവഴി പൊന്നാനി മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ഥി പി വി അന്‍വര്‍ എത്തുകയും വോട്ടഭ്യര്‍ഥിച്ചു പോകുകയും ചെയ്തു. എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി ഇടത് സ്ഥാനാര്‍ഥിയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന് ആരോപിച്ചാണ് യൂത്ത് ലീഗുകാര്‍ ഹാജിയെ കൈയേറ്റത്തിന് ശ്രമിച്ചത്. ഇദ്ദേഹത്തിന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്.

അതേസമയം ഈ സംഭവത്തെച്ചൊല്ലി മുസ്‌ലിംലീഗും കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കുകയാണ്. ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ് കൈയേറ്റ ശ്രമം നടന്നതെന്ന് സംസാരമുണ്ട്. നിയോജക മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ കൂടിയായ എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജിയെ കൈയേറ്റം ചെയ്യുന്ന രംഗം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും കുറ്റവാളികള്‍ ആരെന്ന് വ്യക്തമായി അറിഞ്ഞിട്ടും പ്രാദേശിക ലീഗ് നേതൃത്വം ഇതിനെ ഗൗരവമായി എടുത്തിട്ടില്ലെന്ന് മാത്രമല്ല കേസ് ദുര്‍ബലപ്പെടുത്താനുള്ള ചരടുവലികള്‍ നടത്തുന്നതായും പറയപ്പെടുന്നു.