പോപ്പുലര്‍ ഫ്രണ്ട് – എസ്ഡിപിഐ നേതൃത്വവുമായി മുസ്ലിം ലീഗ് നേതാക്കള്‍ രഹസ്യ ചര്‍ച്ച നടത്തി

Posted on: March 14, 2019 9:35 pm | Last updated: March 15, 2019 at 11:05 am

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ മുസ്ലിം ലീഗ് നേതാക്കള്‍ എസ്ഡിപിഐ, പോുപ്പുലര്‍ ഫ്രണ്ട് നേതൃത്വവുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. കൊണ്ടോട്ടിയിലെ കെടിഡിസി ഹോട്ടലില്‍ ബുധനാഴ്ച രാത്രിയായിരുന്നു കൂടിക്കാഴ്ച. മുസ്ലിംലീഗ് നേതാക്കളും മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുമായ പി കെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറുമാണ് എസ്ഡിപിഐ നേതാവ് അബ്ദുല്‍ മജീദ് ഫൈസിയുമായും പോപ്പുലര്‍ ഫ്രണ്ട് നേതാവ് നസിറുദ്ദീന്‍ എളമരവുമായും കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടു.

അതേസമയം, കൂടിക്കാഴ്ച ഇടി മുഹമ്മദ് ബഷീര്‍ നിഷേധിച്ചു. തങ്ങള്‍ രാഷ്ട്രീയപരമായ ഒരുചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യാദൃശ്ചികമായാണ് എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടു മുട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, മുസ്ലിം ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതായി അബ്ദുല്‍ മജീദ് ഫൈസി ചാനലുകളോട് പറഞ്ഞു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുപറയാനാകില്ലെന്നും കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.