ഇംറാന്‍ ഖാന്‍ ഉദാരമനസ്‌കനെങ്കില്‍ മസൂദിനെ ഇന്ത്യക്ക് വിട്ടുനല്‍കണം: സുഷമ സ്വരാജ്

Posted on: March 14, 2019 11:58 am | Last updated: March 14, 2019 at 3:30 pm

ഡല്‍ഹി: സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കാതെ പാക്കിസ്ഥാനുമായി ചര്‍ച്ചക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. തീവ്രവാദത്തെ കുറിച്ച് ഇനിയും ചര്‍ച്ചകകളല്ല, നടപടിയാണ് ആവശ്യം. ചര്‍ച്ചയും തീവ്രവാദവും ഒരുമിച്ച് കൊണ്ടുപോകാനാകില്ല. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ വലിയ ഉദാരവാനും രാജ്യതന്ത്രജ്ഞനുമാണെങ്കില്‍ ആദ്യം മസൂദ് അസ്ഹറിനെ വിട്ടുതരട്ടെയെന്നും സുഷമ സ്വരാജ് പറഞ്ഞു.

ബലാകോട്ടിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ ആക്രമണത്തിന് മുതിര്‍ന്നു. ജയ്ഷിനെ സ്വന്തം മണ്ണില്‍ നിലനിര്‍ത്തുകയും ഫണ്ട് നല്‍കുകയും മാത്രമല്ല ഇരയായ രാജ്യങ്ങള്‍ തിരിച്ചടിക്കുമ്പോള്‍ അവര്‍ക്കു വേണ്ടി കളത്തിലിറങ്ങുകയും ചെയ്യുകയാണ് പാക്കിസ്ഥാനെന്നും സുഷമ കുറ്റപ്പെടുത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ എക്കാലവും ശ്രമിച്ചുകൊണ്ടിരിക്കുന്ന പാക്ക് സൈന്യത്തെയും ഐഎസ്‌ഐയെയും നിയന്ത്രിക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സുഷമാ സ്വരാജ് ആവശ്യപ്പെട്ടു.