Connect with us

National

എത്യോപ്യ വിമാന ദുരന്തം: ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങള്‍ ഇന്ത്യ ഇന്ന് നാലിന് നിലത്തിറക്കും

Published

|

Last Updated

ന്യൂഡല്‍ഹി: എത്യോപ്യയില്‍ 157 പേര്‍ മരിക്കാനിടയായ വിമാന ദുരന്തമുണ്ടായ സാഹചര്യത്തില്‍ അപകടം വരുത്തിയ ബോയിംഗ് 737 മാക്‌സ് 8 ശ്രേണിയില്‍ പെട്ട എല്ലാ വിമാനങ്ങളും ഇന്ന് നാലുമണിയോടെ നിലത്തിറക്കാന്‍ ഇന്ത്യ തീരുമാനിച്ചു. വ്യോമയാന മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് ആവിയേഷന്‍ (ഡി ജി സി എ) ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം വിമാനക്കമ്പനികള്‍ക്കു നല്‍കി. എല്ലാ വിമാനക്കമ്പനികളുടെയും അടിയന്തര യോഗം ഡി ജി സി എ വൈകിട്ട് നാലിന് ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് അടിയന്തര നടപടിയെടുക്കുന്നതെന്ന് ഡി ജി സി എ വൃത്തങ്ങള്‍ വ്യക്തമാക്കി. ബോയിംഗ് 737 മാക്‌സ് 8 ശ്രേണിയിലുള്ള വിമാനങ്ങളുടെ പൈലറ്റുമാര്‍ക്ക്് 1000 മണിക്കൂറും സഹ പൈലറ്റിന് 500 മണിക്കൂറും വിമാനം പറത്തി പരിചയമുണ്ടായിരിക്കണമെന്ന് ഡി ജി സി എ നിര്‍ദേശിച്ചിരുന്നു.

ഇന്ത്യയില്‍ സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വേയ്‌സ് എന്നീ വിമാനക്കമ്പനികള്‍ ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ സര്‍വീസിനായി ഉപയോഗിക്കുന്നുണ്ട്. സ്‌പൈസ് ജെറ്റിന് 13ഉം ജെറ്റ് എയര്‍വേയ്‌സിന് അഞ്ചും വിമാനങ്ങള്‍ ഈ ശ്രേണിയില്‍ പെട്ടതായുണ്ട്. രണ്ടു കമ്പനികളും ഈ വിമാനങ്ങളുടെ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നും നവീകരണ പ്രവൃത്തികളും സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാകുന്നതു വരെ ഈ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു.

എത്യോപ്യയില്‍ അപകടമുണ്ടായതിനെ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ ബോയിംഗ് 737 മാക്‌സ് 8 ശ്രേണിയിലുള്ള വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കിയിരുന്നു.