മതേതര കക്ഷികൾ നിർവഹിക്കേണ്ട ജനാധിപത്യ മര്യാദകൾ

വർഗീയതയാണ് ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. അതിർത്തിയിൽ നടക്കുന്ന യുദ്ധത്തേക്കാൾ അതി ഭീകരമായ ദുരന്തഫലങ്ങൾ സമ്മാനിക്കാൻ രാജ്യത്തിനകത്ത് നടക്കുന്ന ആഭ്യന്തര കലാപങ്ങൾക്ക് കഴിയും. മതേതര ശക്തികൾ അധികാരത്തിലെത്തുക എന്നത് കൊണ്ട് ആഗ്രഹിക്കുന്നത് വർഗീയ മുക്തമായ ഭാരതമാണ്. കോൺഗ്രസും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഉൾക്കൊള്ളുന്ന മുഴുവൻ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബി ജെ പി നേതൃത്വം നൽകുന്ന സംഘ്പരിവാർ ശക്തികൾക്ക് നേരെ പ്രതിരോധത്തിന്റെ കന്മതിൽ തീർക്കാൻ ഒന്നിച്ചുനിൽക്കുക എന്നത് പുതിയ കാലഘട്ടം നടത്തുന്ന യാചനയാണ്.
Posted on: March 13, 2019 10:31 am | Last updated: March 13, 2019 at 10:31 am

ഇന്ത്യയിലെ മതേതര രാഷ്ട്രീയ കക്ഷികൾ ഏറെ തിരിച്ചറിവുകൾ നേടേണ്ട കാലഘട്ടമായിരുന്നു 2014ന് ശേഷമുള്ള അഞ്ച് വർഷങ്ങൾ. 125 കോടി ജനങ്ങളിൽ സമ്മതിദാനാവകാശമുണ്ടായിരുന്ന 85 കോടി വോട്ടർമാരിലെ 75 ശതമാനം പേർ വോട്ടിംഗ് മെഷീൻ ഉപയോഗപ്പെടുത്തിയപ്പോൾ കേവലം 31 ശതമാനം വോട്ടുകൾ മാത്രം നേടിയാണ് ഇന്ന് കേന്ദ്രത്തിൽ അധികാരം കൈയാളുന്ന സംഘ് പരിവാർ അധികാരത്തിലേക്ക് നടന്നടുത്തത്. 31 ശതമാനത്തിനപ്പുറമുള്ള വലിയൊരു വിഭാഗം ജനങ്ങളും ആഗ്രഹിക്കാത്ത ഒരു ഭരണം ഇന്ത്യയിൽ എങ്ങനെ സാധ്യമായി എന്നത് അനിവാര്യമായും നാം അറിഞ്ഞിരിക്കേണ്ട വസ്തുതകളാണ്.

സംഘ്പരിവാറുകളെ അധികാരത്തിലേക്കടുപ്പിച്ച രാഷ്ട്രീയ സാഹചര്യങ്ങളെ തീർച്ചയായും ഗൗരവപൂർവം മനസ്സിലാക്കണം. തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള ജനാധിപത്യ സംവിധാനങ്ങൾക്ക് ചരിത്രത്തിൽ നിന്നോ വർത്തമാന രാഷ്ടീയ സാഹചര്യങ്ങളിൽ നിന്നോ ബദലുകൾ തേടുന്ന ഫാസിസ്റ്റുകൾ, തച്ചുടക്കാൻ ശ്രമിക്കുന്നത് ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളെയാണ്.
കേവലം 31 ശതമാനം സമ്മതിദായകരുടെ പിന്തുണയോടെ ഒരു മതാത്മക രാഷ്ട്രീയ ചേരി അധികാരത്തിൽ എത്തിയതിന് പ്രധാന കാരണക്കാർ മതേതര പ്രസ്ഥാനങ്ങളായിരുന്നു. ഫാസിസത്തിന്റെ നടപ്പു രീതികളെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരുന്ന സീനിയർ മതേതര നേതാക്കന്മാർ തന്നെയായിരുന്നു പരസ്പരം അങ്കം കുറിച്ച് വിവിധ സംസ്ഥാനങ്ങളിൽ ബി ജെ പി മുന്നണിക്ക് വിജയത്തിന്റെ വഴി തുറന്നു കൊടുത്തത്.

ഏറ്റവും പഴക്കം ചെന്ന മതേതര രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലക്ക് ഇന്ത്യൻ നാഷനൽ കോൺഗ്രസ് നിർവഹിക്കേണ്ട ഉത്തരവാദിത്വങ്ങളിൽ അവർ സ്വീകരിച്ച അഴകൊഴമ്പൻ നിലപാടുകൾ ആയിരുന്നു വലിയൊരളവിൽ പാർട്ടി തകർച്ചക്കും ബി ജെ പി മുന്നേറ്റത്തിനും വഴി വെച്ചത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് നിരുത്തരവാദപരമായി പെരുമാറുന്നുവോ എന്ന് തോന്നിപ്പിക്കുന്ന രാഷ്ട്രീയ നീക്കങ്ങളാണ് ഇന്ദ്ര പ്രസ്ഥത്തിൽ നിന്ന് നമുക്ക് കേൾക്കാൻ കഴിയുന്നത്. തലസ്ഥാന നഗരിയിൽ ആം ആദ്മി പാർട്ടിയുടെ സഖ്യ നീക്കത്തോട് കോൺഗ്രസ് സ്വീകരിച്ച നിഷേധാത്മക നിലപാട് ഒരു നിലക്കും ന്യായീകരിക്കാൻ കഴിയാത്തതായി പോയി. 2014 തിരഞ്ഞെടുപ്പിൽ ബി ജെ പി വിജയത്തിന് വഴിയൊരുക്കാൻ ആം ആദ്മി നിലപാടുകൾ കാരണമായി എന്നും ആം ആദ്മി ബി ജെ പി യുടെ ബി ടീം ആണ് എന്നും പഴിയുയർന്നിരുന്ന സാഹചര്യത്തിൽ നിന്നും അഴിമതി പോലെ തന്നെ വർഗീയതയും ഭാരത രാജ്യത്തിന് വലിയ വിപത്താണ് എന്ന തിരിച്ചറിവിലൂടെ ബദ്ധശത്രുക്കളാണെങ്കിൽ പോലും ഫാസിസ്റ്റ് ഉന്മൂലത്തിന് വേണ്ടി കോൺഗ്രസുമായി കൂട്ടുകൂടാം എന്ന ആം ആദ്മി നിലപാടിനോട് പുറം തിരിഞ്ഞു നിന്ന കോൺഗ്രസ് വലിയ വില നൽകേണ്ടി വരും. കേവലം പ്രാദേശികമായ ഈഗോ പ്രശ്‌നങ്ങളാണ് ഷീലാദീക്ഷിത്തിന്റെ നേതൃത്വത്തിൽ ഡൽഹി കോൺഗ്രസ് ആം ആദ്മി പാർട്ടിയുമായി അകന്നു നിൽക്കാൻ കാരണം. ഡൽഹിയിൽ ബി ജെ പിയെ നിലം തൊടീക്കാതിരിക്കാൻ കൃത്യമായ രാഷ്ട്രീയ ഫോർമുലയാണ് കെജ്‌രിവാൾ മുന്നോട്ട് വെച്ചത്. നിലവിലുള്ള രാഷ്ട്രീയ പശ്ചാത്തലത്തിൽ ആം ആദ്മിക്ക് സേഫ് സോൺ ആണ് ഡൽഹി. മുഖ്യ എതിരാളികളായ കോൺഗ്രസുമായും ബി ജെ പിയുമായും കൃത്യമായ മേൽകൈ ഡൽഹി സംസ്ഥാനത്ത് ആം ആദ്മിക്കുണ്ട്. മൂന്ന് സീറ്റ് വീതം പങ്കിടാമെന്ന കെജ്‌രിവാൾ ഫോർമുല കോൺഗ്രസിന് ലഭിക്കാവുന്ന ഏറ്റവും വലിയ ഔദാര്യമായി വേണം മനസ്സിലാക്കാൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തനിച്ച് നേരിടാൻ മാത്രം 2015ലെ നിയമസഭാ തിരഞ്ഞെടുപ്പ് സാഹചര്യങ്ങളിൽ നിന്നും വലിയ രാഷ്ട്രീയ മാറ്റമൊന്നും ഡൽഹിയിൽ സംഭവിച്ചിട്ടില്ല. അജയ് മാക്കൻ എന്ന പിടിവാശിക്കാരൻ ചെലുത്തിയ സമ്മർദ തന്ത്രത്തിന്റെ ഈഗോ വിജയം മാത്രമാണ് കോൺഗ്രസിന്റെ ഈ ദേശീയ തീരുമാനം.

2015ൽ കെജ്‌രിവാൾ മന്ത്രിസഭ അധികാരത്തിൽ വരുമ്പോൾ വാഗ്ദത്തം നൽകിയിരുന്ന ഒട്ടുമിക്ക പ്രഖ്യാപനങ്ങളും നടപ്പിൽ വരുത്തുകയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രകടന പത്രികയുടെ നിലവാരം തന്നെ ഉയർത്തുകയും ചെയ്ത ഡൽഹി രാഷ്ട്രീയ സാഹചര്യങ്ങൾ കോൺഗ്രസിന് ഒട്ടും നല്ലതല്ല. കേന്ദ്ര ഭരണവും മോദി പ്രതിച്ഛായയും നാൾക്കുനാൾ ശോഷിച്ചുവരുന്ന പുതിയ സാഹചര്യങ്ങളിൽ ബി ജെ പിക്കും വലിയ പ്രതീക്ഷയൊന്നുമില്ല. എങ്കിലും, മതേതര കക്ഷികളുടെ ഭിന്നിച്ചു നിൽക്കലിലൂടെ ഒരിക്കൽ കൂടി കേന്ദ്ര ഭരണത്തിൽ വരാനിടയാകരുത് എന്ന ചിന്തയിൽ നിന്നും ഉയർന്ന വിലപേശലുകളില്ലാത്ത സീറ്റ് ഫോർമുലയോട് രാജ്യത്തെ ഏറ്റവും വലിയ മതേതര കക്ഷി സ്വീകരിച്ച നിലപാട്, കോൺഗ്രസ് ചരിത്രത്തിൽ പലപ്പോഴും സ്വീകരിച്ച മൃദുഹിന്ദുത്വ സമീപനങ്ങളെ ഓർമിപ്പിക്കുന്നതാണ്. ഡൽഹിക്ക് പുറമെ ആം ആദ്മിക്ക് സ്വാധീനമുള്ള ഹരിയാനയിലും പഞ്ചാബിലും ബി ജെ പി വിരുദ്ധ കൂട്ടുകെട്ടുകൾക്ക് താൻ സന്നദ്ധനാണെന്ന് കെജ്‌രിവാൾ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും കോൺഗ്രസ് പക്ഷത്തു നിന്നും പച്ചക്കൊടി വീശി കണ്ടില്ല. രണ്ട് വർഷം മുമ്പ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് നിരുപാധികം ആം ആദ്മി പിന്തുണ മതേതര കക്ഷികൾക്ക് പതിച്ചു നൽകിയ കെജ്‌രിവാൾ ഒരു സീറ്റിന് വേണ്ടി പോലും വില പേശൽ നടത്തിയില്ല എന്നത് അദ്ദേഹത്തിന്റെ ടിപ്പിക്കൽ രാഷ്ട്രീയ നയങ്ങൾക്കെതിരെയുള്ള സമര പ്രഖ്യാപനം കൂടി ആയി വേണമായിരുന്നു മനസ്സിലാക്കാൻ. എന്നിട്ടു പോലും തനിച്ചു മത്സരിച്ച് മതേതര വോട്ടുകൾ ഭിന്നിപ്പിക്കുവാൻ നടത്തുന്ന ശ്രമങ്ങളെ സംശയത്തോടെ വേണം നോക്കി കാണാൻ.

‘ബി ജെ പിയെ സഹായിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. കോൺഗ്രസിന്റെ ശ്രമം ബി ജെ പി വിരുദ്ധ വോട്ടുകൾ പിളർത്താനാണ്. കോൺഗ്രസും ബി ജെ പി യും തമ്മിൽ രഹസ്യ ധാരണ ഉണ്ടെന്ന അഭ്യൂഹം ശക്തമാണ്.’ സഖ്യ നീക്കം പൊളിഞ്ഞതിന് ശേഷം കെജ്‌രിവാൾ നടത്തിയ പ്രസ്താവനക്ക് പല അർഥതലങ്ങളുമുണ്ട്.

സംഘ്പരിവാർ നീക്കങ്ങൾക്ക് ഗതിവേഗം നൽകുന്ന നിലപാടുകൾ സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പേ കോൺഗ്രസ് സ്വീകരിച്ചിരുന്നു. ഹിന്ദു മഹാസഭയെയും കോൺഗ്രസിനെയും നയിക്കാൻ ഒരേ പ്രസിഡന്റ് എന്ന നിലപാട് കോൺഗ്രസ് ആദ്യകാലം മുതലേ സ്വീകരിച്ചു വന്നിരുന്ന മൃദുഹിന്ദുത്വ സമീപനത്തിന്റെ അടയാളങ്ങളായി നമുക്ക് വായിക്കാം. മദൻ മോഹൻ മാളവ്യ എന്ന കോൺഗ്രസ് പ്രസിഡന്റ് ഹിന്ദു മഹാസഭയെ നിയന്ത്രിച്ചിരുന്നതും ബ്രിടീഷുകാർക്കൊപ്പം ചേർന്ന് സ്വാതന്ത്ര്യ സമര പോരാളികളായ അലി സഹോദരന്മാരെ ഗാന്ധിജിയിൽ നിന്നും അകറ്റാൻ ശ്രമിച്ചതും ചരിത്ര വസ്തുതകളാണല്ലോ. നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് നിലപാടുകൾ ഇന്ത്യൻ രാഷ്ട്രീയത്തെ നിയന്ത്രിച്ചില്ലായിരുന്നുവെങ്കിൽ ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ മുഖം തന്നെ മറ്റൊന്നാകുമായിരുന്നു. ത്രിപുരയിൽ ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഇടക്കിടെ ബി ജെ പി മുന്നണിയിലേക്ക് കൂറ് മാറുന്ന ജനപ്രതിനിധികൾ ഇന്ത്യൻ ജനാധിപത്യത്തിന് നേരെ ഉയർത്തുന്ന ഭീഷണി ഭയാനകമാണ്. റിസോർട്ട് രാഷ്ട്രീയ സംസ്‌കാരം മതേതര വിശ്വാസികളുടെ പ്രതീക്ഷക്ക് മേൽ വീഴ്ത്തുന്ന കരിനിഴലുകളെ കുറിച്ച് ഇനിയെങ്കിലും നാം ആശങ്കപ്പെടേണ്ടേ?

കുറവുകളും നിരുത്തരവാദ സമീപനങ്ങളും നിരവധി ഉണ്ടെങ്കിലും കോൺഗ്രസിന്റെ ശക്തിക്ഷയത്തെ ഇന്ത്യയിലെ മതേതര വിശ്വാസികൾ ഏറെ ഭയപ്പാടോടെയാണ് കാണുന്നത്. ബഹുഭൂരിഭാഗം മത വിശ്വാസികൾ താമസിക്കുന്ന ഇന്ത്യാ മഹാരാജ്യത്ത് മത നിരാസത്തിന്റെ പുരോഗമന പാഠങ്ങൾ തീർത്തും അവിവേകപൂർവം ഉപയോഗപ്പെടുത്തിയതിനാലുമാണ് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഈ നിലയിലേക്ക് ‘വികാസം’ പ്രാപിക്കാൻ കാരണം. ഉത്തരേന്ത്യയിൽ നിരവധി തൊഴിലാളി മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ, ഹസ്രത്ത് മൊഹാനിയെ പോലുള്ളവരെ ആകർഷിച്ച ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേവലം ഒമ്പത് എം പി മാരുള്ള പാർട്ടിയായി മാറിയതിന് പ്രാദേശികവും സാമൂഹികവുമായ ധാരാളം കാരണങ്ങൾ നമുക്ക് കണ്ടെത്താം. 2004ലെ രാഷ്ട്രീയ സാഹചര്യത്തിൽ അൽപ്പമെങ്കിലും രാഷ്ട്രീയ ഇടപെടലുകൾ നടത്താനുള്ള ആരോഗ്യം സി പി എമ്മിനുണ്ടായിരുന്നു. ബി ജെ പിവിരുദ്ധ ചേരിയിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കാൻ വേണ്ടിയായിരുന്നു ആ ശ്രമം എന്ന് തിരിച്ചറിയുമ്പോൾ പുതിയ കാലഘട്ടത്തിൽ സി പി എം പാർട്ടിയുടെ ഉത്തരവാദിത്വം എന്താണെന്ന് നമുക്ക് വേഗം മനസ്സിലാക്കാം. പ്രാദേശികമായി ശക്തിയാർജിച്ച ചെറു രാഷ്ട്രീയ കക്ഷികളെ മതേതര മുന്നണിയിലേക്ക് ആകർഷിക്കുക എന്ന ഒരേ കർമം തന്നെയാണ് സമകാലിക ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഇരു പാർട്ടികൾക്കും ചെയ്യാനുള്ളത്.

അതിന് വിരുദ്ധമായ നിലപാടുകൾ പല സംസ്ഥാനങ്ങളിലും കോൺഗ്രസ് സ്വീകരിക്കുന്നത് വലിയ ആശങ്കകൾ തീർക്കുന്നുണ്ട്. ഉത്തർ പ്രദേശിലെ ജാതീയ സമവാക്യങ്ങൾ ഏവർക്കും അറിയാവുന്ന വസ്തുതയാണെല്ലോ. യാദവ വോട്ടുകളും ദളിത് വോട്ടുകളും ഗതി നിർണയിക്കുന്ന യു പി തിരഞ്ഞെടുപ്പിൽ ബി ജെ പി നടത്തുന്ന വർഗീയ ധ്രുവീകരണത്തെ മതേതര കക്ഷികൾക്കൊപ്പം ചേർന്നുനിന്ന് ചെറുക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റുന്നതിന് പകരം ലോക്‌സഭാ സീറ്റിന്റെ എണ്ണത്തെ ചൊല്ലി തനിച്ചു മത്സരിച്ച് ശക്തി തെളിയിക്കുക എന്നത് ബി ജെ പിക്ക് വഴിഒരുക്കൽ മാത്രമാണ്. ബദ്ധവൈരികളായ സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് വാദി പാർട്ടിയും ബി ജെ പിയെ പ്രതിരോധിക്കുന്ന കർത്തവ്യത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒന്നിച്ചപ്പോൾ വലിയ ജനാധിപത്യ ബാധ്യതകൾ നിറവേറ്റേണ്ട കോൺഗ്രസ് ആണ് മാറി നിന്നത്. കോൺഗ്രസ് കൂടെ ഉൾപ്പെട്ട മതേതര കൂട്ടായ്മക്ക് ഇനിയും സാധ്യതകൾ ഉണ്ടെന്നാണ് പുതിയ വാർത്തകൾ നമുക്ക് ആശ്വാസം നൽകുന്നത്.
വ്യക്തമായ ആധിപത്യം ലഭിച്ച കഴിഞ്ഞ അഞ്ച് വർഷം സംഘ്പരിവാർ നമ്മുടെ രാജ്യത്തെ എങ്ങോട്ട് കൊണ്ടു പോയി എന്നത് നാം അനുഭവിച്ചറിഞ്ഞു. ഊതി വീർപ്പിച്ച വികസന വ്യാഖ്യാനങ്ങൾ, തുഗ്ലക്കിയൻ പരിഷ്‌കാരത്തിലൂടെ നട്ടെല്ലൊടിഞ്ഞ സാമ്പത്തിക മേഖല, കർഷക ആത്മഹത്യകൾ പെരുകി തലസ്ഥാനം സമര ഭൂമിയാക്കിയ കാലഘട്ടം, മതാചാരത്തിന്റെയും ജാതി സമ്പ്രദായത്തിന്റെയും പേരിൽ തെരുവുകളിൽ ഭീകര കൊലപാതകങ്ങൾ പെരുകിയ, കലയും സാഹിത്യവും വർഗീയവത്കരിച്ച് സാംസ്‌കാരിക പ്രതിരോധങ്ങളെ പച്ചയായി അരിഞ്ഞു വീഴ്ത്തിയ, വിവേകം ചോർന്ന കൃത്യങ്ങളിലൂടെ രാജ്യത്തെ യുദ്ധ മുഖത്തേക്ക് നയിച്ച കഴിഞ്ഞ അഞ്ച് വർഷത്തെ സംഘ്പരിവാർ ഭരണകാലഘട്ടത്തിന് എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങൾ ചാർത്തി നൽകാൻ നമുക്ക് കഴിയും.

വർഗീയതയാണ് ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. അതിർത്തിയിൽ നടക്കുന്ന യുദ്ധത്തേക്കാൾ അതി ഭീകരമായ ദുരന്തഫലങ്ങൾ സമ്മാനിക്കാൻ രാജ്യത്തിനകത്ത് നടക്കുന്ന ആഭ്യന്തര കലാപങ്ങൾക്ക് കഴിയും. മതേതര ശക്തികൾ അധികാരത്തിലെത്തുക എന്നത് കൊണ്ട് ആഗ്രഹിക്കുന്നത് വർഗീയ മുക്തമായ ഭാരതമാണ്. കോൺഗ്രസും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഉൾക്കൊള്ളുന്ന മുഴുവൻ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബി ജെ പി നേതൃത്വം നൽകുന്ന സംഘ്പരിവാർ ശക്തികൾക്ക് നേരെ പ്രതിരോധത്തിന്റെ കന്മതിൽ തീർക്കാൻ ഒന്നിച്ചുനിൽക്കുക എന്നത് പുതിയ കാലഘട്ടം നടത്തുന്ന യാചനയാണ്.

സാലിഹ് മാളിയേക്കൽ