ക്രിസ്റ്റിയാനോ ഡാ…!!! അത്‌ലറ്റിക്കോയെ വീഴ്ത്തി യുവെന്റസ് കുതിപ്പ്

Posted on: March 13, 2019 10:13 am | Last updated: March 13, 2019 at 12:59 pm

ടുറിന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മിന്നുന്ന പ്രകടന മികവില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ വമ്പന്മാരായ യുവെന്റസിന്റെ തിരിച്ചുവരവ്. രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ 3-0ത്തിന് തകര്‍ത്ത് യുവെ ക്വാര്‍ട്ടറില്‍ കടന്നു. മൂന്ന് ഗോളുകളും നേടിയത് ക്രിസ്റ്റിയാനോ തന്നെ. ഇരു പാദങ്ങളിലുമായി 3-2ന്റെ ജയമാണ് യുവെന്റസ് നേടിയത്. ആദ്യ പാദത്തില്‍ യുവെന്റസ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റിരുന്നു. സ്വന്തം മൈതാനത്ത് മികച്ച ജയം അനുവാര്യമായിരുന്ന യുവെന്റസിനെ ക്രിസ്റ്റിയാനോ ഒറ്റയാള്‍ പ്രകടനത്തിലൂടെ വിജയിപ്പിക്കുകയായിരുന്നു. കളിയുടെ 27ാം മിനുട്ടില്‍ താരം ആദ്യ വെടിപൊട്ടിച്ചു. 49ാം മിനുട്ടില്‍ രണ്ടാം ഗോള്‍ നേടി. 86ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച ക്രിസ്റ്റ്യാനോ ജയം ഉറപ്പാക്കി. ബോക്‌സിനുള്ളില്‍ ബെര്‍നാര്‍ദേസ്ചിയെ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി വിധിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോയുടെ എട്ടാം ഹാട്രിക്കായിരുന്നു ഇത്. ഹാട്രിക്കിന്റെ എണ്ണത്തില്‍ മെസിക്കൊപ്പമെത്താനും ക്രിസ്റ്റ്യാനോക്ക് കഴിഞ്ഞു.

അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റി ജര്‍മ്മന്‍ ക്ലബ്ബ് ഷാല്‍ക്കേയെ ഗോളില്‍ മുക്കി. ആദ്യപാദം 3-2 ന് ജയിച്ച സിറ്റി രണ്ടാം പാദത്തില്‍ 7-0 നായിരുന്നു ഷാല്‍ക്കേയെ തോല്‍പ്പിച്ചത്. അര്‍ജന്റീനതാരം സെര്‍ജിയോ അഗ്യൂറോ സിറ്റിക്കായി രണ്ട് ഗോളുകള്‍ നേടി. അഗ്യൂറോയെ കൂടാതെ സാനേ, സ്‌റ്റെര്‍ലിംഗ്, ബര്‍ണാഡോ സില്‍വ, ഫോഡന്‍, ഗബ്രിയേല്‍ ജീസസ് എന്നിവരും ലക്ഷ്യം കണ്ടപ്പോള്‍ സിറ്റിക്ക് രണ്ട് പാദങ്ങളിലുമായി 10 ഗോളുകളുടെ ജയമാണ് നേടിയത്. റയല്‍ മാഡ്രിഡിനെ പുറത്താക്കിയ ഡച്ച് കഌ് അയാക്‌സ് ആംസ്റ്റര്‍ ഡാമാണ് ക്വാര്‍ട്ടറില്‍ സിറ്റിക്ക് എതിരാളികളാകുക. യുെവന്റസ് പിഎസ്ജിയെ പരാജയപ്പെടുത്തിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി ഏറ്റുമുട്ടും.