ഉമ്മന്‍ ചാണ്ടിയെ കണ്ടു; പ്രശ്‌നങ്ങള്‍ യുഡിഎഫ് കൂട്ടായി പരിഹരിക്കുമെന്ന് ജോസഫ്

Posted on: March 13, 2019 9:43 am | Last updated: March 13, 2019 at 12:39 pm

തിരുവനന്തപുരം: പി ജെ ജോസഫ് ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍വെച്ചായിരുന്നൂ കൂടിക്കാഴ്ച. പ്രശ്‌നങ്ങള്‍ യുഡിഎഫ് നേതൃത്വം കൂട്ടായ തീരുമാനമെടുക്കുമെന്ന് പി ജെ ജോസഫ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അതിന് ശേഷം ജോസഫ് ചെന്നിത്തലയെ കാണാന്‍ പോയി. കേരളാ കോണ്‍ഗ്രസ്(എം)ലെ പൊട്ടിത്തെറി ഒഴിവാക്കാനും പി ജെ ജോസഫിനെ അനുനയിപ്പിക്കാനുമാണ് കോണ്‍ഗ്രസിന്റെ ശ്രമം.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടി രഹസ്യ ഫോര്‍മുല മുന്നോട്ടുവെച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഇടുക്കിയിലെ വിശ്വസ്തനായ മുന്‍ ഡി സി സി പ്രസിഡന്റ് റോയ് കെ പൗലോസ് ഇന്നലെ പുറപ്പുഴയിലെ വീട്ടിലെത്തി പി ജെ ജോസഫിനെ കണ്ട് ഇക്കാര്യം ധരിപ്പിച്ചു. ഇടുക്കി സീറ്റില്‍ ജോസഫിനെ മത്സരിപ്പിക്കുക. ജോസഫ് ജയിച്ചാല്‍ ഒഴിവു വരുന്ന തൊടുപുഴ അസംബ്ലി മണ്ഡലം കോണ്‍ഗ്രസിന് വിട്ടുകൊടുക്കുക എന്നതാണ് ഫോര്‍മുല. ഐ വിഭാഗം ജോസഫ് വാഴയ്ക്കനായി കണ്ടുവെച്ചിരിക്കുന്ന ഇടുക്കി സീറ്റ് വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറാകുമോ എന്ന് കണ്ടറിയണം. ഉമ്മന്‍ ചാണ്ടിയുടെ ഈ നീക്കം മുന്നില്‍ കണ്ട് ഐ വിഭാഗം ജോസഫിനെയോ മാണിയെയോ അനുകൂലിക്കാതെ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഏറ്റവും നല്ലനിലയില്‍ പ്രശ്‌നം പരിഹരിക്കുമെന്ന് ജോസഫിനെ കണ്ട ശേഷം കോണ്‍ഗ്രസ് നേതാവ് റോയ് കെ പൗലോസ് പറഞ്ഞു. ജോസഫ് ശക്തനായ നേതാവാണ്, അതിന് അനുസൃതമായ തീരുമാനമുണ്ടാകും. ജോസഫിനെ കാണുകയെന്ന ദൗത്യവുമായാണ് എത്തിയതെന്നും കേരള കോണ്‍ഗ്രസിലെ (എം) പ്രശ്‌നം പരിഹരിക്കാന്‍ പ്രാപ്തരായ നേതാക്കള്‍ യു ഡി എഫിലുണ്ടെന്നും റോയി പറഞ്ഞു.
കോട്ടയം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി കെ എം മാണി പ്രഖ്യാപിച്ച തോമസ് ചാഴികാടന്‍ ഇന്നലെ പി ജെ ജോസഫിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ലെന്നാണ് സൂചന. മോന്‍സ് ജോസഫ്, ടി യു കുരുവിള എന്നിവര്‍ ജോസഫുമായി ചര്‍ച്ച നടത്തിയശേഷം ഇന്നലെ പുലര്‍ച്ചെയാണ് മടങ്ങിയത്.