Connect with us

Kerala

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ തത്സ്ഥാനം രാജിവച്ചു. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ചിലരുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്കു കാരണമെന്നാണ് സൂചന. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാണ് രാജിക്കു പിന്നിലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം.

ചൊവ്വാഴ്ച ഉച്ചയോടെയാണ് നളിനി നെറ്റോ രാജിക്കത്ത് കൈമാറിയത്. തിരഞ്ഞെടുപ്പു കഴിയുന്നതു വരെ തത്സ്ഥാനത്തു തുടരാന്‍ മുഖ്യമന്ത്രി നെറ്റോയോട് ആവശ്യപ്പെട്ടതായി സൂചനയുണ്ട്.
പേഴ്‌സണല്‍ സ്റ്റാഫിലെ ചില ഉന്നതരുമായി കുറച്ചുകാലമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രധാനപ്പെട്ട ഫയലുകള്‍ നളിനി നെറ്റോക്ക് നല്‍കിയിരുന്നില്ലെന്നാണ് വിവരം. നേരത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം വി ജയരാജന്‍ ഇടപെട്ടായിരുന്നു തര്‍ക്കങ്ങള്‍ പരിഹരിച്ചിരുന്നത്. ജയരാജന്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പോയതോടെയാണ് ഇനി തുടരേണ്ടതില്ലെന്ന് തീരുമാനത്തില്‍ നെറ്റോ എത്തിയതെന്നും പറയപ്പെടുന്നു.

സംസ്ഥാനത്തെ നാലാമത്തെ വനിതാ ചീഫ് സെക്രട്ടറിയാണ് നളിനി നെറ്റോ. 1981 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയാണ്. ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ച ശേഷമാണ് ചീഫ് സെക്രട്ടറി പദവിയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നെറ്റോയെ നിയമിച്ചത്. ചീഫ് സെക്രട്ടറി എന്ന തസ്തിക പ്രത്യേകം ഉണ്ടാക്കിയായിരുന്നു നിയമനം.