വടക്ക് കൊലപാതക രാഷ്ട്രീയം; തെക്ക് പ്രളയം മുതൽ കർഷക ആത്മഹത്യവരെ

ദി ISSUE
കൊച്ചി
Posted on: March 12, 2019 1:07 pm | Last updated: March 12, 2019 at 1:07 pm

സകല അടവുകളും പുറത്തെടുത്ത് പരമാവധി സീറ്റുകൾ പിടിച്ചെടുക്കാനായുള്ള ഇടതു-വലതുമുന്നണികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം പ്രധാനമായും കേന്ദ്രീകരിക്കുക പ്രാദേശിക വിഷയങ്ങളിലാകും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് പ്രധാന്യമെങ്കിലും അതാത് പ്രദേശങ്ങളിലെ വോട്ടർമാരെ സ്വാധീനിക്കാൻ രാഷ്ട്രീയ കക്ഷികൾക്ക് സഹായകമാകുക പ്രദേശിക പ്രശ്‌നങ്ങൾ തന്നെയാണെന്നാണ് വിലയിരുത്തൽ.
ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് വന്നതോടെ കൊലപാതകരാഷ്ട്രീയം മുതൽ പ്രളയവും കർഷക ആത്മഹത്യയുമടക്കമുള്ള വിഷയങ്ങളായിരിക്കും പ്രചാരണത്തിൽ കൂടുതൽ സജീവമാകുക.

ഇതിനകം തിരഞ്ഞെടുപ്പ് കളത്തിൽ സജീവമായ ഇടതുമുന്നണി കേരളത്തിലെ വികസന പ്രവർത്തനങ്ങളുടെ പട്ടികയുമായാണ് വേട്ടർമാർക്കു മുന്നിലേക്കെത്തിയത്. കോൺഗ്രസിനെതിരെ കടുത്ത വിമർശവുമായും പ്രചാരത്തിലുണ്ട്. കേരളത്തിലെ കോൺഗ്രസ് ബി ജെ പിയെ സഹായിക്കുന്നുവെന്ന ആക്ഷേപമാണ് പ്രധാനമായും ഉയർത്തുന്നത്. നിലവിൽ ഇടത് എം പിമാർ പ്രതിനിധാനം ചെയ്യുന്ന മണ്ഡലങ്ങളിൽ പ്രാദേശിക വികസന പ്രവർത്തനങ്ങൾ എടുത്തുകാട്ടിയുള്ള പ്രചാരണത്തിനാണ് മുൻതൂക്കം.

ബി ജെ പിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനു വോട്ടു ചെയ്യൂ എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടെങ്കിലും പ്രാദേശിക വിഷയങ്ങൾ തന്നെയാണ് ഇവരും പ്രധാനമായും ഉയർത്തുന്നത്.
അതേസമയം, കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്ന വടക്കൻ മേഖലയിൽ പ്രധാന രാഷ്ട്രീയ പ്രചാരണയായുധം കൊലപാതക രാഷ്ട്രീയ തന്നെയാണ്. കാസർകോട് ഇരട്ടക്കൊല തുടങ്ങി അരിയിൽ ഷുക്കൂർ, മട്ടന്നൂർ ശുഐബ്, ടി പി ചന്ദ്രേശഖരൻ വധമുൾപ്പടെ ഇത്തവണയും തിരഞ്ഞെടുപ്പിൽ ആുധമാകും.
മധ്യകേരളത്തിൽ പ്രളയക്കെടുതികളോടുള്ള സംസ്ഥാന സർക്കാറിന്റെ സമീപനവും കാർഷിക വിളകളുടെ വിലത്തകർച്ചയും ഇടുക്കിയിലെ കർഷക ആത്മഹത്യകളുമെല്ലാം പ്രചരണത്തിനുള്ള മൂർച്ച കൂടിയ ആയുധങ്ങളാക്കും.

ബി ജെ പി യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇക്കുറിയും സംഘ്പരിവാർ സംഘടനകൾ തന്നെയാണ് മുൻകൈയ്യെടുക്കുക. തിരുവനന്തപുരം മണ്ഡലം കേന്ദ്രീകരിച്ചാണ് ഇവർ ശക്തമായ പ്രചാരണം നടത്തുക.
അതേസമയം വിലക്കയറ്റം, പെട്രോൾ വില വർധന, തൊഴിലില്ലായ്മ, ചെറുകിട ഇടത്തരം സംരംഭങ്ങളുടെ തകർച്ച, കാർഷിക മേഖലയുടെ തകർച്ച, നോട്ട് നിരോധനം, ജി എസ് ടി തുടങ്ങിയ വിഷയങ്ങൾ ഇരുമുന്നണികളും ബി ജെ പിക്കെതിരെയുള്ള പൊതു ആയുധമായി പ്രയോഗിക്കുക്കും.

സി വി സാജു
കൊച്ചി