സമീർ തിരക്കിലാണ്, തിരഞ്ഞെടുപ്പ് കഴിയും വരെ

കോഴിക്കോട്
Posted on: March 12, 2019 10:37 am | Last updated: March 12, 2019 at 10:37 am
സമീർ തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ നിർമിക്കുന്ന തിരക്കിൽ

തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഗണ്ണിസ്ട്രീറ്റിലെ സമീറിന്റെ കടയിൽ തിരക്കേറുകയാണ്. അരിവാൾ ചുറ്റികയും കൈപ്പത്തിയും താമരയും തുടങ്ങിയ ഓരോ ചിഹ്നങ്ങളും പ്രചാരണ വാക്യങ്ങളും മണിക്കൂറുകൾക്കുള്ളിൽ സമീറിന്റ കരവിരുതിൽ വിരിയും. ലോഹ ഷീറ്റുകളിൽ അക്ഷരങ്ങളും ചിഹ്നങ്ങളും വെട്ടിയെടുക്കുന്നതിൽ (സ്‌റ്റെൻസിൽ വർക്ക്) പ്രത്യേക കഴിവുതന്നെയുണ്ട് ബേപ്പൂർ സ്വദേശി സാതിക്കാവീട്ടിൽ സമീറിന്.

ഇങ്ങനെ മനോഹരമായ് കൊത്തിയെടുത്ത ചിഹ്‌നങ്ങൾ ചുവരുകളിലും പോസ്റ്ററുകളിലും പതിപ്പിക്കുന്ന പണി മാത്രമേ പിന്നീട് പാർട്ടിക്കാർക്കുണ്ടാകു. അത് കൊണ്ട് തന്നെ ഓരോ തിരഞ്ഞെടുപ്പുകാലത്തും പാർട്ടിക്കാർ സമീറിനെ തേടി കോഴിക്കോട്ടെത്തും. കോഴിക്കോട് ജില്ലക്ക് പുറമേ അയൽ ജില്ലകളായ മലപ്പുറത്ത് നിന്നും വയനാട്ടിൽ നിന്നും സമീറിനെ തേടി ആളുകൾ എത്താറുണ്ട്. പഴയ ചിഹ്നങ്ങൾ കാണാൻ വിദ്യാർഥികൾ അടക്കം നിരവധി പേരാണ് കടയിൽ എത്തുന്നത്. ഏകദേശം നാൽപ്പത് വർഷത്തെ പഴക്കമുണ്ട് ഈ കടക്ക്.

പണ്ട് ഈ കട നടത്തിയിരുന്നത് സിപിഎം കുറ്റിച്ചിറ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ബീരാൻ കുട്ടിയായിരുന്നു.
തിരഞ്ഞടുപ്പ് അടുക്കുന്നതോടെ ഇ കെ നായനാരടക്കം കടയിൽ എത്തിയിരുന്നതായി കച്ചവടക്കാരനായ ഹംസക്കോയ പറയുന്നു.

പതിമൂന്നാം വയസ്സിൽ ഗണ്ണിസ്ട്രീറ്റിൽ ജോലി അന്വേഷിച്ച് വന്ന സമീർ, ബീരാൻ കുട്ടിയുടെ സഹായിയായി മാറുകയും തുടർന്ന് മേഖലയിൽ കഴിവ് തെളിയിക്കുകയുമായിരുന്നു. ഇരുപത്തിനാല് വർഷമായി സമീർ ഈ മേഖലയിൽ ജോലിചെയ്യാൻ തുടങ്ങിയിട്ട്. സമീറാണ് ഇപ്പോൾ ഈ കട നടത്തുന്നത്. കോഴിക്കോട്ടോ സമീപപ്രദേശങ്ങളിലോ ഇങ്ങനെ ഷീറ്റുകളിൽ സീൽ നിർമിക്കുന്നവർ വേറെയില്ല.
വടിവൊത്ത കൈയക്ഷരവും ചിത്രകലയും സ്വായത്തമാക്കിയതോടെ സമീറിനെ തേടി ആവശ്യക്കാർ ധാരാളമായ് എത്തി തുടങ്ങി. മലഞ്ചരക്ക് വ്യാപാരത്തിനും മറ്റുമുപയോഗിക്കുന്ന ചണചാക്കുകളിൽ വിലാസം പതിപ്പിക്കുന്നതാണ് സമീറിന്റെ പതിവുജോലി.
ഗൾഫ് രാജ്യങ്ങളിലേക്കും സമീറിന്റെ കര വിരുതിൽ സീൽ പതിഞ്ഞ ചാക്കുകൾ കയറ്റിയയക്കുന്നുണ്ട്. ലോഹ ഷീറ്റുകളിൽ കൊത്തിയെടുക്കുന്നതിനാൽ അത്ര പെട്ടന്നൊന്നും ഇവയ്ക്ക് കേടുപാടുകൾ വരില്ല. പല തവണ ഉപയോഗിക്കുകയും ചെയ്യാം.

അതിനാൽ തന്നെ നാനാദിക്കുകളിൽ നിന്നും ആളുകൾ സമീറിനെ തേടിയെത്തുന്നു. റോഡ് അപകടങ്ങൾ കുറക്കാൻ അപകട മരണമുണ്ടായ സ്ഥലങ്ങളിൽ പ്രത്യേക അടയാളം പതിപ്പിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ പദ്ധതിക്കായി പ്രത്യേക അടയാളം രൂപപ്പെടുത്തി നൽകിയതും സമീറാണ്.

മിനു ലിജിത്
കോഴിക്കോട്