Connect with us

National

രാഹുൽഗാന്ധിക്കെതിരെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

Published

|

Last Updated

ബെംഗളൂരു: എ ഐ സി സി അധ്യക്ഷൻ രാഹുൽഗാന്ധിക്കെതിരെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ അനന്ത്കുമാർ ഹെഗ്‌ഡെ രംഗത്ത്. മുസ്‌ലിം ആയ പിതാവിനും ക്രിസ്ത്യാനിയായ മാതാവിനുമാണ് രാഹുൽഗാന്ധി പിറന്നതെന്നും അങ്ങനെയുള്ള ഒരാൾ എങ്ങനെ ഹിന്ദുവാകുമെന്നുമായിരുന്നു അനന്ത്കുമാറിന്റെ പരാമർശം.

ഉത്തര കന്നഡ ജില്ലയിൽ നടന്ന പാർട്ടിപ്രവർത്തകരുടെ സമ്മേളനത്തിൽ സംസാരിക്കവെയാണ് കേന്ദ്രമന്ത്രിയുടെ വിവാദ പരാമർശം. പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ തെളിവ് രാഹുൽഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ ആരോപണവുമായി അനന്ത്കുമാർ രംഗത്ത് വന്നത്. സർജിക്കൽ സ്‌ട്രൈക്കിന് എന്തെങ്കിലും തെളിവ് നിരത്താനുണ്ടോയെന്നാണ് രാഹുലിന്റെ ചോദ്യം. ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ ലോകം മുഴുവൻ അംഗീകരിക്കുമ്പോഴാണ് ഈ ചോദ്യമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

പൂണൂൽധാരിയായ ഹിന്ദുവെന്ന് സ്വയം വിളിക്കുന്ന ഒരു മുസ്‌ലീമാണ് അർഥശൂന്യമായ ഈ ചോദ്യം ചോദിക്കുന്നത്. മുസ്‌ലിം ആയ പിതാവിനും ക്രിസ്ത്യാനിയായ മാതാവിനും ജനിച്ച മകനാണ് രാഹുൽഗാന്ധി. അദ്ദേഹം ഹിന്ദുമത വിശ്വാസിയാണെന്നതിന് എന്താണ് തെളിവുള്ളതെന്നും അനന്ത്കുമാർ ഹെഗ്‌ഡെ ചോദിച്ചു. ഇതിനു മുമ്പും അനന്ത്കുമാർ നടത്തിയ പ്രസ്താവനകൾ കർണാടക രാഷ്ട്രീയത്തിൽ വിവാദത്തിനിടയാക്കിയിരുന്നു.